വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നെന്നും കഴിഞ്ഞ പരിശോധന നടത്തിയപ്പോൾ തകരാർ കണ്ടെത്താനായില്ലെന്നും കെഎസ്ഇബി.

മഴ പെയ്തപ്പോൾ ഉണ്ടായ പ്രശ്നമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്നും വിശദീകരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. സ്‌കൂട്ടർ കേടായതിനാലാണ് റിജാസ് കടയിൽ കയറി നിന്നത്.
സംഭവത്തിൽ കെഎസ്‌ഇബിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ രംഗത്തെത്തി.

കടയുടെ തൂണിൽ ഷോക്കുണ്ടെന്നുള്ള കാര്യം കെഎസ്‌ഇബിയെ അറിയിച്ചിരുന്നു. ഒരു ജീവനക്കാരൻ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. 19കാരൻ മരിച്ചതിന് ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പറഞ്ഞു.

കെഎസ്‌ഇബിയുടെ അനാസ്ഥയാണ് റിജാസിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാരും ആരോപിച്ചു. ഇന്നലെ രാത്രി ഇവിടെ വന്ന മറ്റൊരാൾക്കും ഷോക്കേറ്റിരുന്നു. സമീപത്തെ വൈദ്യുത പോസ്റ്റിൽ നിന്നാണ് കടയുടെ തൂണിലേക്ക് വൈദ്യുതി എത്തിയത്. ഇത് പരിഹരിക്കാനുള്ള നടപടിയെടുക്കാത്തതാണ് ഒരു ജീവൻ നഷ്‌ടപ്പെടാൻ കാരണമായതെന്നും നാട്ടുകാർ ആരോപിച്ചു.