കാൽവഴുതി; ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

പാലക്കാട്: വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിലാണ് ദാരുണ സംഭവം നടന്നത്. മുഹമ്മദ് അസീസിൻ്റെ മകൻ പതിനെട്ടുകാരനായ അൻസിൽ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30 ഓടെയാണ് സംഭവം നടന്നത്. കൂട്ടുകാരനൊപ്പം പുഴക്കരുകിൽ എത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയെത്തുടർന്ന് പുഴയിൽ ഇപ്പോൾ നീരൊഴുക്ക് കൂടുതലാണ്.

അതേസമയം സംസ്ഥാന വ്യാപകമായി പലയിടത്തും മഴക്കെടുതികൾ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് . മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.