സ്ഥാനാര്‍ത്ഥി മോഹികള്‍ കാലുവാരി; തൃപ്പൂണിത്തുറയിലെ സ്വരാജിന്‍റെ തോല്‍വിയില്‍ അന്വേഷണ കമ്മിഷന്‍ കണ്ടെത്തലുകള്‍

കൊച്ചി: തൃപ്പൂണിത്തുറിയില്‍ എം സ്വരാജ് തോറ്റതിന്‍റെ കാരണം ഇഴകീറി പരിശോധിച്ച്‌ സി പി എം. മുന്‍ മന്ത്രിയും മണ്ഡലത്തിലെ മുന്‍ എം എല്‍ എയുമായ കെ ബാബുവിനോട് സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്. പ്രാദേശിക നേതൃത്വത്തിനുണ്ടായ വീഴ്‌ചയാണ് സ്വരാജിന്‍റെ തോല്‍വിക്ക് കാരണമെന്നാണ് സി പി എം വിലയിരുത്തല്‍.

സി പി എമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പരമ്ബരാഗത വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല. ഇതാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് സി പി എം കണ്ടെത്തല്‍.

തൃപ്പൂണിത്തുറയിലെ തോല്‍വി സി പി എമ്മിന് ഏറെ ആഘാതമുണ്ടാക്കിയിരുന്നു. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മത്സരം നടന്നിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. ബി ജെ പി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മറിഞ്ഞുവെന്നായിരുന്നു സി പി എം ആദ്യ പറഞ്ഞിരുന്നത്. ഇത് യാഥാര്‍ഥ്യമാണെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ പാര്‍ട്ടി വോട്ട് ചോര്‍ച്ച തോല്‍വിയുടെ പ്രധാന കാരണമായെന്നുമാണ് കമ്മിഷന്‍ കണ്ടെത്തല്‍.

ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ത്ഥി മോഹമുണ്ടായിരുന്നു. ഇതും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ജെ ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മിഷന്‍.

തോല്‍വിയില്‍ ഏതെങ്കിലും അംഗങ്ങള്‍ക്കെതിരെ നടപടി വേണ്ടതുണ്ടോ എന്നതടക്കം റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് സൂചന. തൃക്കാക്കരയില്‍ മണ്ഡലം കമ്മിറ്റിയുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ഇവിടുത്തെ തെളിവെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ രണ്ട് ദിവസം കൂടി തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്ക് കടക്കുക.