മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് എസ്‌ഐയ്‌ക്ക് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം പേരൂർക്കടയിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്ത പേരൂർക്കട എസ്.ഐ നന്ദകൃഷ്ണയ്ക്ക് നേരെയാണ് നാലംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്.

കുടപ്പനക്കുന്ന് ജംഗ്ഷനിൽ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. നൈറ്റ് പട്രോളിംഗിനിറങ്ങിയതായിരുന്നു എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം. ആ സമയത്തു മാസ്‌ക് ധരിക്കാതെ സംഘം കൂട്ടംകൂടി നിൽക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് നാലംഗ സംഘം ഉദ്യോഗസ്ഥനെ മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ എസ്‌ഐയെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് സ്വദേശി ജിതിൻ ജോസ്, പാതിരപ്പള്ളി സ്വദേശി ലിബിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.