ഒടിടി പ്ലാറ്റ്‌ഫോമില്‍ പുതു ചരിത്രം കുറിച്ച് സൂഫിയും സുജാതയും, റിലീസിന് പിന്നാലെ വ്യാജ പതിപ്പും ഓണ്‍ലൈനില്‍

മലയാള സിനിമ ലോകത്ത് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ജയസൂര്യ ചിത്രം സൂഫിയും സുജാതയും. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം എന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അര്‍ധരാത്രി 12 മണിക്കാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പും ഓണ്‍ലൈനില്‍ എത്തി. ടെലിഗ്രാം ഗ്രൂപ്പുകളിലും ടോറന്റിലും ചിത്രത്തിന്റെ വ്യാജ പതിപ്പ് എത്തി.

നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ ടോപ് മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ റിലീസായത്. ജയസൂര്യനായകനായ ചിത്രത്തില്‍ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് നായിക. ഫ്രൈഡെ ഫിലിംസിനുവേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്.

കൊവിഡിനെതുടര്‍ന്ന് തിയറ്ററുകള്‍ തുറക്കാന്‍ വൈകുമെന്നുറപ്പായതോടെ സിനിമയുടെ തിയറ്റര്‍ റിലീസിന് കാത്തിരിക്കേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. വിതരണക്കാരും തിയറ്റര്‍ ഉടമകളും എതിര്‍പ്പുമായി എത്തിയെങ്കിലും നിശ്ചയിച്ച റിലീസുമായി നിര്‍മാതാവ് മുന്നോട്ടുപോവുകയും ചെയ്തു. ഇതോടെയാണ് ചിത്രം ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തത്.