9 വർഷം മുമ്പ് രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നു, ഒന്ന് തിരിഞ്ഞ് നോക്കിയാൽ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ മനസ്സിലാകും- സുജയ

ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തക സുജയ പാർവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നുമാണ് സുജയ സമ്മേളനത്തിൽ പറഞ്ഞത്. പിന്നാലെ സുജയക്കെതിരെ വൻ വിമർശനവും ഉയർന്നു വന്നിരുന്നു.

ഇപ്പോളിതാ പ്രധാന മന്ത്രി നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുജയ പാർവതി. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകുമെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണമെന്നും സുജയ അടുത്തിടെ ഒരു പ്രസംഗത്തില്‍ പറഞ്ഞു.

നമ്മുടെ ഇന്ത്യയുടെ ചരിത്രത്തില്‍ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തില്‍ തന്നെ മാറ്റം വരുത്തിയ ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോയതെന്നും സുജയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നീതിക്കായി തീ ആവുക വനിതാ ദിനാശംസകള്‍ എന്നായിരുന്നു സുജയയുടെ പ്രസംഗത്തിന്റെ അവസാനം പറഞ്ഞത്.

അതേസമയം തന്റെ നിലപാടുകളിൽ ഒരു മാറ്റവും ഇല്ലന്നും മാധ്യമ ധർമത്തിൽ താൻ തന്റെ രഷ്ട്രീയം കലർത്താറില്ല എന്നും ചെയ്യുന്ന ജോലിയിൽ നൂറു ശതമാനം നീതി പുലർത്താറുണ്ട് എന്നും സുജയ പറയുന്നുണ്ട്. അടുത്തിടെ സുജയ്ക്ക് അടൽജി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മാധ്യമ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം നെടുമങ്ങാട് നടന്ന ചടങ്ങിൽ ആർഎസ്എസ് അഖില ഭാരതീയ കാര്യകാര്യ സദസ്യൻ എസ് സേതുമാധവൻ അവാർഡ് കൈമാറിയിരുന്നു.