കുട്ടികളുടെ കാര്യമാണ്, സ്‌കൂള്‍ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിനായി നിര്‍ദേശം നല്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

തീരുമാനങ്ങളെടുക്കുമ്ബോള്‍ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എല്ലാ കുട്ടികളും സ്‌കൂളില്‍ പോകണമെന്ന് കോടതിക്ക് എങ്ങനെ പറയാന്‍ സാധിക്കുമെന്നും ഹരജി പരിഗണിക്കുന്നതിനിടെ സുപ്രിംകോടതി ചോദിച്ചു.

നിലവില്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ എങ്ങനെ സ്‌കൂളിലേക്ക് കുട്ടികളെ വിടാനാകുമെന്നും കോടതി ആരാഞ്ഞു.

പല രാജ്യങ്ങളിലും സ്‌കൂളുകള്‍ എങ്ങനെ തുറക്കപ്പെട്ടുവെന്ന് കണ്ടിട്ടുണ്ട്, പക്ഷേ പ്രത്യാഘാതങ്ങള്‍ക്ക് ശേഷം അവ വീണ്ടും അടയ്ക്കേണ്ടി വന്നു,’ കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കൊറോണ കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌-ഏപ്രില്‍ മുതല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ മാനസികമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുനതായും 12 വയസ്സുള്ള അമര്‍ പ്രേം പ്രകാശ് കോടതിയില്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെങ്കിലും സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും ഹരജിയില്‍പ പറയുന്നു.