ലഖിംപൂര്‍ ഖേരി ആക്രമണം; കേസ് അവസാനിക്കാത്ത കഥയായി മാറാന്‍ പാടില്ലെന്ന് യു പി സര്‍ക്കാരിനോട്് സുപ്രിംകോടതി

ലഖിംപൂര്‍ ഖേരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി. റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ വൈകിയതില്‍ സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് അവസാനിക്കാത്ത കഥയായി മാറാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. അന്വേഷണം വലിച്ചിഴക്കുകയാണെന്ന വികാരമാണ് കോടതിക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി അഭിപ്രായപ്പെട്ടു. അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.

മജിസ്ട്രേറ്റിന്റെ മുന്നില്‍ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് യു പി സര്‍ക്കാരിനോട് കോടതി ചോദിച്ചു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. കേസ് 26 ന് വീണ്ടും പരിഗണിക്കും. കൂടാതെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചു.

ഇതിനിടെ ലഖിംപൂര്‍ ഖേരി ആക്രമണ കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായെന്ന് യു പി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. അതേസമയം കര്‍ഷകരുടെ സമരം നടക്കുന്നതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.