അല്ലി ത്രില്ലിലാണ്, ഡാഡ തിരിച്ചെത്തി, ഇനി കാത്തിരിപ്പ് രണ്ടാഴ്ച കൂടി- സുപ്രിയ

ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥിരാജ് ഉള്‍പെടുന്ന ആടുജീവിതം സംഘം ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിലാണ് 58 ആളുകള്‍ അടങ്ങുന്ന സംഘം എത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് രാവിലെ അവര്‍ എത്തിയത്. ആദ്യം ഡല്‍ഹിയിലെത്തിയ സംഘം പിന്നാലെ കൊച്ചിയിലേക്ക് വരികയായിരുന്നു. കോവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് സിനിമാ സംഘം പുറത്തേക്ക് വന്നത്.

ഈ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാക്കിയവര്‍ക്കും ഇക്കാലയളവില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കും നന്ദികുറിച്ചിരിക്കുകയാണ് സുപ്രിയ. ഏകദേശം മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതത്തിന്റെ ക്രൂവും കേരളത്തില്‍ തിരിച്ചെത്തി. നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ അവര്‍ ഇനി ക്വീറന്റൈനില്‍ പോകും. ഇത് വളരെ ദൈര്‍ഘ്യമേറിയതും ദുഷ്‌കരവുമായ ഒരു കാത്തിരിപ്പായിരുന്നു. ഈ തിരിച്ചുവരവ് സാധ്യമാക്കിയ എല്ലാവരോടും ഞങ്ങള്‍ നന്ദി പറയുന്നു. ഈ സമയം ഞങ്ങള്‍ക്ക് കരുത്തായതിന് വ്യക്തിപരമായി ആരാധകരോടും നന്ദിയറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അല്ലി ത്രില്ലിലാണ്, അവളുടെ ഡാഡ തിരിച്ചെത്തിയിരിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞ് തമ്മില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു ഇന്‍സ്റ്റ​ഗ്രാമില്‍ സുപ്രിയ കുറിച്ചു.

മാര്‍ച്ച്‌ മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങിനായി ജോര്‍ദാനില്‍ എത്തിയത്. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കോവിഡ് 19 പടര്‍ന്നുപിടിക്കുകയും ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരികയുമായിരുന്നു. കോറോണ പ്രതിസന്ധിക്കിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാല്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടതായി വന്നു. അപ്പോഴെക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി.

 

View this post on Instagram

 

He’s back! 😊

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on