ഞാൻ സിനിമയിലെത്തിയ സമയത്ത് പല മുൻനിര നായികമാരും എന്റെ ഒപ്പം അഭിനയിക്കാൻ തയ്യാറായില്ല- സുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.   സിനിമയിൽ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകൻ കാശിനാഥനും രണ്ടാമത്തെ മകൻ വാസുദേവും ഇളയകുട്ടി ഹൃദ്യയുമാണ്. എറണാകുളത്ത് സ്‌കൈലൈൻ ഫ്‌ലാറ്റിലാണ് സുരാജും കുടുംബവും താമസിക്കുന്നത്.

സിനിമയിലെ തുടക്കകാലത്തെ തിക്താനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സുരാജ്. ആദ്യ കാലത്ത് തന്റെ നായികയായി അഭിനയിക്കാൻ മലയാളത്തിലെ ചില മുൻനിര നായികമാരും തയ്യാറായിരുന്നില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ സുരാജിനെ തേടി ദേശീയ അവാർഡ് വന്നപ്പോൾ സുരാജിന് എങ്ങനെ അവാർഡ് കിട്ടിയെന്ന് കരുതിയിരുന്നവരും അന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതേക്കുറിച്ച്‌ മുകേഷ് പറഞ്ഞ വാക്കുകൾ സുരാജ് ഇന്നും ഓർക്കുന്നു. ‘ഡേയ് ഈ ദേശീയ അവാർഡിന് വിലയുണ്ട് കേട്ടാ. ഇത് സത്യസന്ധമായ ദേശീയ അവാർഡാണ്. നീ അഭിനയിച്ചതിന് കിട്ടിയത്. നിനക്ക് മലയാളം പോലും ശരിക്കും അറിയില്ല, പിന്നെ ഏത് ഭാഷയിൽ അവരുടെ എടുത്ത് പോയി വിലപേശും, അതുകൊണ്ട് കാശ് കൊടുത്ത് വാങ്ങിക്കാൻ പറ്റിലല്ലോ’

എന്നാൽ ആക്ഷൻ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും സംശയം മാറി. അതുവരെ ചിരിപ്പിച്ച സുരാജ് മലയാളിയെ കരയിപ്പിച്ചു. ‘അങ്ങനെയിരുന്നപ്പോഴാണ് ആക്ഷൻ ഹീറോ ബിജു വരുന്നത്. അത് കണ്ടതോടെ പ്രേക്ഷകർ പറഞ്ഞു സുരാജിന് ദേശീയ പുരസ്‌കാരം വെറുതെ കിട്ടിയതല്ലെന്ന്. അത് എനിക്ക് ഏറെ സന്തോഷം നൽകി. പുതിയ ഉത്തരവാദിത്തവും. അതിന് ശേഷം നല്ല കുറേ ക്യാരക്ടർ റോളുകൾ ചെയ്യാനായി’ സുരാജ് വ്യക്തമാക്കി.