ഭരിക്കുന്നവരുടെ തന്തയുടെ വകയല്ല നാട്, കടം ജനത്തിന്റെ ബാധ്യത- സുരേഷ് ഗോപി

എം.പി. എന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും പാവങ്ങളെ ഏറെ സഹായിക്കുന്നയാളാണ് സുരേഷ് ഗോപി, എം.പി. എന്ന നിലയിലുള്ള ഫണ്ട് ഇല്ലാതായപ്പോൾ സിനിമയിലെ വരുമാനം പാവങ്ങളെ സഹായിക്കാൻ വിനിയോഗിക്കുകയാണദ്ദേഹം, മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് സുരേഷ്ഗോപി വ്യത്യസ്തനാകുന്നതങ്ങനെയാണ്. ഇപ്പോളിതാ രാജ്യത്തിന്റെ പൊതുകടം ജനത്തിന്റെ ബാധ്യതയാണെന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ജനങ്ങൾക്ക് വേണ്ടിയാണ് ഭരണ നേതൃത്വം കടമെടുക്കുന്നത്. അതുകൊണ്ട് തന്നെ അത് തിരിച്ചടക്കേണ്ട ബാധ്യത ജനത്തിന്റേതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

‘കുത്തി തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഈ രാജ്യത്തിന്റെ വളർച്ചയ്ക്ക് ആഘാതം ഉണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. അതിനി വിലപ്പോകില്ല. കർഷക നിയമങ്ങൾ പല കാര്യങ്ങളുടേയും പേരിൽ പിൻവലിച്ചുവെങ്കിലും അതിലെ അമർഷം ഇപ്പോഴും മനസിൽ കൊണ്ട് നടക്കുന്നയാളാണ് ഞാൻ. കാരണം ചില കർഷകരെ ചൂഷണം ചെയ്യുന്ന ചില രാഷ്ട്രീയ മുതലാളിമാർ ഉണ്ട്. കർഷകന്റെ അന്തസിന് ഒരു പോറലും ഏൽക്കാതെ അവന്റെ അധ്വാനത്തിന്റെ പൂർണ ലാഭം അവന് വന്ന് ചേരണമെന്നുള്ള പ്രധാനപ്പെട്ട സദ് ഉദ്ദേശം മാത്രമാണ് അതിന് പിന്നിൽ ഉണ്ടായിരുന്നത്. നിയമം പിൻവലിക്കാൻ ഉണ്ടായ തീരുമാനം ഭാരതത്തിന്റെ ഗതികേടാണെന്ന് മാത്രമാണ് പറയാനുള്ളത്.

രാജ്യത്ത് സമാധാനപരാമയ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിന് കുറച്ച് പേടിപ്പിക്കേണ്ടി വരും. ഏറ് പടക്കം മുതൽ മിസൈലുകൾ വരെ ഉപയോഗിക്കേണ്ടി വരും. അതാണ് ചുറ്റുപാടുകൾ. ആത്മനിർഭരത എന്ന് പറയതിന് പിന്നിൽ കഠിനാധ്വാനമാണ്. കർഷകർക്ക് വേണ്ടി ബജറ്റിൽ പ്രഖ്യാപിച്ച തുക 20 ലക്ഷം കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ കൃഷി സമ്മാൻ നിധിയിൽ എട്ട് കോടി കർഷകർക്കാണ് അതിന്റെ ഗുണം ഉണ്ടായിട്ടുള്ളത്. കേരളത്തിൽ 36 ലക്ഷം പേർക്കാണ് ഗുണം ഉണ്ടായത്.

കേരളത്തിലെ കർഷകന്റെ കഷ്ടപ്പാട് എവിടെയാണ് അംഗീകരിക്കപ്പെടാതെ പോകുന്നതെന്ന് മലയാളി ഒന്ന് പറഞ്ഞ് തരണം. എന്തിന്റെ പേരിലാണ് കേന്ദ്രസർക്കാരിനെ എതിർക്കുന്നത്. പെട്രോളിന്റേയും ഡീസലിന്റേയുമെല്ലാം പേരിൽ വലിയ വിമർശനം ഉയരും. പക്ഷേ 3 മണിക്കൂർ കൊണ്ടാണ് ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിൽ എത്താൻ പോകുന്നത്.

ഇന്ത്യയും ഒരു രാജ്യവും അവരുടെ ഭരണകർത്താക്കളുടെ തന്തയുടെ വകയല്ല. അപ്പോൾ രാജ്യം എടുത്ത കടം തീർക്കേണ്ടതും അവരുടെ തന്തയുടെ വക വിറ്റ കാശ് കൊണ്ട് അല്ലല്ലോ. അത് ജനങ്ങളുടെ ഭാരമായി തീരും. ഇന്ന് നാല് ലക്ഷം കോടി കേരള സർക്കാരിന്റെ ബാധ്യത ആണെങ്കിൽ അതൊരിക്കലും മുഖ്യമന്ത്രി പിണറായി വിജയന്റെ ബാധ്യത അല്ലല്ലോ. ഇവിടുത്തെ ജനങ്ങളുടെ ബാധ്യതയാണ് അത് തിരിച്ചടച്ചേ മതിയാകൂ. ഇതിനൊക്കെയുള്ള ശ്രമം ശ്രമകരമാകാതെ ജീവിതം എത്തിക്കണം’