കടുവയ്ക്ക് പ്രതിരോധം തീർത്ത് ഒറ്റക്കൊമ്പൻ, 100 താരങ്ങൾ ചേർന്ന് SG 250 ടൈറ്റില്‍ ലോഞ്ച്

ഏറെ വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിൻ്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. പൃഥ്വിരാജ് ഒഴികെ മോഹൻലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് ടൈറ്റിൽ അനൗൺസ്മെൻ്റിൽ പങ്കാളികളായത്. ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നേരത്തെ വിവാദത്തിലായ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിൻ്റെ അതേ അണിയറ പ്രവർത്തകരാണ് പുറത്തിറക്കുക.

കൊവിഡ് കാലത്ത് സിനിമാ ലോകം സ്തംഭിച്ചപ്പോഴും ഇടവേളകില്ലാതെ തുടർന്ന വിവാദമായിരുന്നു കടുവാക്കുന്നേൽ കുറുവച്ചൻ. കോടതി വിധിയിലൂടെ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേര് ഷാജി കൈലാസിന്റെ ‘കടുവ’ എന്ന സിനിമക്ക് സ്വന്തമായെങ്കിലും നേരത്തെ പ്രഖ്യാപിച്ച അതേ തിരക്കഥയിൽ അതേ ടീമിനൊപ്പം ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ടോമിച്ചൻ മുളകുപ്പാടം ആണ് 25 കോടിക്ക് മുകളിൽ ബജറ്റിൽ സുരേഷ് ഗോപിയുടെ 250ാം ചിത്രമൊരുക്കുന്നത്. മാത്യൂസ് തോമസാണ് സംവിധാനം. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ. അറ്റാക്ക് ടു ഡിഫൻഡ് എന്നാണ് ടാഗ് ലൈൻ

ഹർഷവർധൻ രാമേശ്വർ സംഗീത സംവിധാനം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിൻ്റെ അതേ തിരക്കഥയിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്. കുറുവച്ചൻ പ്രമേയമായുള്ള സിനിമകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. കടുവ എന്ന പേരിൽ പൃഥ്വിരാജിന്റെ സിനിമയും കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിൽ സുരേഷ് ഗോപി നായകനായുമാണ് സിനിമ പ്രഖ്യാപിച്ചത്. വിവാദവുമായി. ഒരേ പ്രമേയമായ സിനിമകൾ കോടതി കയറി. ആരാണ് കുറുവച്ചനാകേണ്ടത് എന്ന കാര്യത്തിൽ തർക്കവുമായി. ഇപ്പോൾ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം സിനിമ മലയാള സിനിമയിൽ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം എന്ന് പറയാവുന്ന തരത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

പകർപ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിൻറെ ഇരുനൂറ്റി അൻപതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിൻറെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തു. വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേർന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്‍തത്. എന്തായാലും ഒറ്റക്കൊമ്പൻ എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനത്തോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്. ഇനി വിവാദം ഏതുവഴിക്കെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സുരേഷ് ഗോപിയുടെ കഴിഞ്ഞ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നത്.