പൃഥ്വിരാജിനെ ഒഴിവാക്കി പോസ്റ്റർ, ഫാൻ ഫൈറ്റ് ആക്കരുതെന്ന് സുരേഷ് ​ഗോപി

സുരേഷ് ഗോപിയുടെ 250-ാം ചിത്രം പകർപ്പവകാശം സംബന്ധിച്ച കേസിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് . പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകർപ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടർന്ന് വൻ വാർത്താ പ്രാധാന്യമാണ് സിനിമയ്ക്ക് ലഭിച്ചത്.

കരിയറിലെ 250-ാം ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനം ഇന്നു വൈകിട്ട് ഉണ്ടാവുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയും ചിത്രത്തിൻറെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും ഇക്കാര്യം അറിയിച്ചത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ നൂറിലേറെ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ വൈകിട്ട് ആറു മണിക്ക് എത്തുകയെന്നും ടോമിച്ചൻ അറിയിച്ചിരുന്നു.

നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് വിവാദം ആരംഭിച്ചത്. എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ നൂറിലേറെ താരങ്ങളിൽ പ്രിഥ്വിരാജ് ഉൾപ്പെട്ടിട്ടില്ല. സുരേഷ് ​ഗോപിയുടെ പോസ്റ്റിന് താഴെ പ്രിഥ്വിരാജിനെ ആക്ഷേപിച്ച് നിരവധി കമന്റുകളു വരാൻ തുടങ്ങി. തുടർന്ന് സുരേഷ് ​ഗോപി തന്നെ പ്രതികരണവുമായി രം​ഗത്തെത്തി.

ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പ്രിഥ്വി. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്. രണ്ട് സിനിമയും നടക്കട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ. എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നുവെന്ന് സുരേഷ് ​ഗോപി കമന്റ് ചെയ്തു.