സുരേഷ് ​ഗോപിയുടെ 250-ാം ചിത്രത്തിൽ വൻ താരനിര അണിനിരക്കുമെന്ന് സൂചന, ​ഗെറ്റപ്പ് വൈറൽ

ഓർമ്മയുണ്ടാ ഈ മുഖം എന്ന സുരേഷ് ​ഗോപിയുടെ മാസ് ഡയലോ​ഗ് എല്ലാവർക്കും പ്രീയപ്പെട്ടതാണ്. എന്നാൽ സുരേഷ് ​ഗോപി ആകെ ​ഗെറ്റപ്പ് മാറിയെത്തിയിരിക്കുകയാണ്. നരച്ച താടിയും കൊമ്പൻ മീശയുമൊക്കെയായി ആദ്ദേഹത്തെ സാധാരണ കാണാത്ത ഗെറ്റപ്പിൽ ആയിരുന്നു ഇത്.അദ്ദേഹം നായകനായി,നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിലെ ലുക്കാണ് ഇതെന്ന തരത്തിലാണ് പലരും ഈ സ്‌കെച്ച് ഷെയർ ചെയ്തത്. എന്നാൽ പ്രചരിക്കുന്നത് ശരിയായ കാര്യമല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ കുറിപ്പ്: പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരണം പുരോഗമിക്കുന്നതോ ആയ എൻറെ ഏതെങ്കിലും പ്രോജക്ടുകളുമായി ബന്ധമുള്ള ചിത്രങ്ങളോ ഡിസൈനുകളോ അല്ല സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.തെറ്റായ വിവരങ്ങളോടെ അവ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു.വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നീതീകരിക്കത്തക്കതല്ല.മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എൻറെ 250-ാം ചിത്രത്തിൻറെയും തുടർന്നു വരുന്ന രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെയും ഫോട്ടോ ഷൂട്ടുകൾ വരെ മാത്രമേ ഈ താൽക്കാലിക ഗെറ്റപ്പ് ഉണ്ടാവൂ. അതിനുശേഷം ഷേവ് ചെയ്ത ലുക്കിലാണ് കാവലിൻറെ ചിത്രീകരണം പൂർത്തിയാക്കുക.

250-ാം ചിത്രമായിരിക്കും നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ഈ സിനിമ. ജോജു ജോസഫ്, മുകേഷ് തുടങ്ങിയ വമ്പൻ താരനിരയും സിനിമയിൽ അണിനിരക്കുന്നുണ്ടെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. നടിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ലെങ്കിലും ബോളിവുഡ് താരമാണ് നായിക വേഷത്തിലെത്തുകയെന്നാണ് സൂചന.വരത്തൻ, പ്രേതം 2, ഉണ്ട, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങളിൽ മാത്യൂ ഭാഗമായിട്ടുണ്ട്. 1997-ൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ലേലം പോലൊരു സിനിമയായിരിക്കും ഇതുമെന്നാണ് അണിയറക്കാർ പറയുന്നത്.