സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്, അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്, സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എം.പി. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്നത് എല്ലാം ചെയ്യുന്നുണ്ട്. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്. അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും വന്ന് മറുപടി പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല, ഭരണാധികാരിയാണെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ പാലാ ബിഷപ്പിനെ പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. ബിഷപ്പ് വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് എംപിയുടെ നിലപാട്.ബിഷപ്പ് ഹൗസില്‍ എത്തി ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം അറിയിച്ചത്. എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും രാഷ്ട്രീയക്കാരനായല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.കൂടുതല്‍ അഭിപ്രായങ്ങള്‍ നാര്‍ക്കോട്ടിക് ജിഹാദില്‍ വരട്ടെയെന്നും അങ്ങോട്ടു പോയി മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ഇപ്പോള്‍ ബിഷപ്പ് സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.