താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തിപ്പറയും, സുരേഷ് ഗോപി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും പൊതു പ്രവര്‍ത്തകനുമാണ് സുരേഷ് ഗോപി. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാവുകയാണ് താരം. ഇപ്പോള്‍ സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. തന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കന്‍ ചിലര്‍ ശ്രമിച്ചുവെന്ന് നടന്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.

താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. രണ്ടാംഭാവത്തിന്റെ പരാജയം ഏറെ തളര്‍ത്തി, അതിനു ശേഷമാണ് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്. തന്നെ അനാവശ്യമായി വിമര്‍ശിക്കുന്നവരില്‍ പലരും താല്‍ക്കാലിക സൗകര്യത്തിനുവേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തിപ്പറയും. അന്ന് അവര്‍ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അതെല്ലാം മുകളിലിരുന്ന് താന്‍ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു .

വരനെ ആവശ്യമുണ്ട് ഞാന്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാന്‍ കാരണം ശോഭന ഡേറ്റ് നല്‍കാന്‍ ഒരു വര്‍ഷമെടുത്തു. കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ പറ്റില്ല, ഷൂട്ടിങ്ങ് ചെന്നൈയില്‍ വേണം എന്നൊക്കെ അവര്‍ക്ക് നിബന്ധനയുണ്ടായിരുന്നു. ചെന്നൈയിലെ സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടില്‍ ഒരു സന്ദര്‍ശകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു, അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചു. ബുക്ക് ചെയ്ത വിമാന ടിക്കറ്റും കാന്‍സല്‍ ചെയ്തു. അനൂപിനെ വിളിച്ചിട്ട് ഞാന്‍ അഭിനയിക്കുന്നില്ല, വരുന്നില്ല എന്ന് അറിയിച്ചു. അപ്പോള്‍ അനൂപ് പറഞ്ഞു, സര്‍ വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ല. ഇത് മുടങ്ങിയാല്‍ അതിന്റെ പാപം ഞാന്‍ സാറിന്റെ മുകളിലില്‍ ഇടും. സാര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്. അനൂപിന്റെ വാക്കുകള്‍ മനസില്‍ കൊണ്ടു. സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയ്ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാന്‍സ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ 10,000 രൂപ അഡ്വാന്‍സ് തന്നിട്ട്, സര്‍ കയ്യില്‍ ഇപ്പോള്‍ ഇതേ ഒള്ളൂ എന്ന് അറിയിച്ചു. അത് മതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂര്‍ത്തിയാക്കുന്നത്.- സുരേഷ് ഗോപി പറഞ്ഞു.