ജീവന്‍ അപകടത്തിലെന്ന് സ്വപ്‌നയുടെ മകള്‍ സുഹൃത്തിനോട് പറഞ്ഞു, ഓരോ ചലനങ്ങളും ഗുണ്ടാസംഘം സസൂഷ്മം നിരീക്ഷിച്ചു

കൊച്ചി: സ്വപ്‌നയെയും കുടുബത്തെയും ഇല്ലാതാക്കാന്‍ കള്ളക്കടത്ത് സംഘം തയ്യാറെടുത്തിരുന്നു. ഇക്കാര്യം സ്വപ്‌നയുടെ മകള്‍ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നു. തങ്ങളുടെ ജീവന്‍ അപകടത്തില്‍ ആണെന്ന് തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്‌നയുടെ മകള്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. സ്വപ്‌നയും കുടുംബവും സന്ദീപ് നായരും ബംഗളൂരുവിലേക്ക് പോകവെ ഇവരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. മട്ടാഞ്ചേരി റജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനമാണ് ഇവരെ പിന്തുടര്‍ന്നത്. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ വ്യാജമെന്ന് പിന്നീട് കണ്ടെത്തി. കേരളത്തില്‍ റോഡ്മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.

സ്വപ്‌ന കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിനായിട്ട് ആയിരുന്നു കൊച്ചിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സന്ദീപ് സ്വപ്നയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. സ്വപ്‌ന കീഴടങ്ങാന്‍ ഒരുങ്ങുന്നു എന്ന വിവരം സന്ദീപ് സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും കീഴടങ്ങല്‍ വൈകിപ്പിക്കാനും നിര്‍ദേശം ലഭിച്ചത്. ഇതോടെ ബംഗളൂരുവിലേക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചി വിടും മുന്‍പു തൃപ്പൂണിത്തുറയില്‍ വച്ച് മൊബൈല്‍ ഫോണില്‍ സ്വപ്നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവര്‍ക്കു കൈമാറിയത് സന്ദീപ് ആയിരുന്നു.

സ്വപ്‌നയുടെ മകള്‍ സുഹൃത്തിനെ വിളിക്കുമ്പോള്‍ സുഹൃത്ത് ഐബി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ ആയിരുന്നു. സ്വപ്‌നയുടെ മകള്‍ സാറ്റലൈറ്റ് ഫോണില്‍ നിന്നും വിളിച്ചിരുന്നതിനാല്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് മകളുടെ കൈവശമുള്ള സിം കാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണ്‍ ചെയ്ത് വയ്ക്കാന്‍ ഐബി ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം സുഹൃത്ത് സ്വപ്‌നയുടെ മകളെ അറിയിച്ചു. ഇത്തരത്തിലാണ് ബംഗളൂരുവില്‍ ഇവരുടെ ലൊക്കേഷന്‍ എന്‍ഐഎ കണ്ടെത്തിയത്.