തലസ്ഥാനത്ത് ഉയരുന്നത് സ്വപ്‌നസൗധം, സ്വപ്‌നയ്ക്ക് വേണ്ടി കോടികള്‍ മുതല്‍മുടക്കില്‍ മൂന്ന് നില വീട്

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ ബന്ധങ്ങളും സമ്പാദ്യവും ഒക്കെ വിചാരിക്കുന്നതിലും അപ്പുറത്താണ്. കോടികള്‍ മുടക്കി ആഡംബര സൗധമാണ് സ്വപ്‌ന സുരേഷ് തലസ്ഥാനത്ത് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ഈ കെട്ടിടം ഉയരുന്നത്. കല്ലിടീല്‍ ചടങ്ങിന് നിരവധി വിഐപികള്‍ പങ്കെടുത്തിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

നഗരസഭയില്‍ നിന്നും 6200 സ്‌ക്വയര്‍ഫീറ്റ് വീടിനുള്ള അനുമതിയായിരുന്നു ഇവര്‍ തേടിയത്. തിരുവനന്തപുരം ജഗതിയില്‍ ആണ് ഈ സ്വപ്‌ന സൗധം ഒരുങ്ങുന്നത്. കൊച്ചി ആസ്ഥാനമായ നിര്‍മാണ കമ്പനിയാണ് വീട് പണിയുന്നത്. മൂന്ന് നിലകളിലായി ഉയരുന്ന വീടിന്റെ നിര്‍മാണം അടുത്ത വര്‍ഷം വിഷുവിനോട് കൂടി പൂര്‍ത്തിയാക്കണം എന്നാണ് കരാര്‍.

അടിസ്ഥാനം കെട്ടാന്‍ ആരംഭിച്ചപ്പോള്‍ ചതുപ്പായതിനാല്‍ നിര്‍മാണ് കമ്പനി പിന്മാറാന്‍ തുടങ്ങി. എന്നാല്‍ വലിയ പില്ലറുകള്‍ വാര്‍ക്കാനായി വേറെ നിര്‍മാണ കമ്പനിയെ ഏല്‍പ്പിച്ചു. ഇതിന് മാത്രം ലക്ഷം ചിലവായെന്ന് ആണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പേടി കാരണം ഇത് പരസ്യമായി പറയാന്‍ അയല്‍വാസികള്‍ തയ്യാറാകുന്നില്ല.

സ്വപ്‌നയും കേസിലെ പ്രതിയായ സിരിത്തും വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണാനായി ഇവിടെ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പ്രമുഖ വ്യവസായിയോട് രണ്ട് ലക്ഷം രൂപ വായ്പയായി ചോദിച്ചപ്പോള്‍ പരിഹസിച്ചു വിട്ടു. ഇതിന്റെ വാശി തീര്‍ക്കാനാണ് അവിടെത്തന്നെ വലിയ വീട് പണിയുന്നതെന്നാണ് സ്വപ്‌ന അയല്‍വാസികളോട് പറഞ്ഞത്. തറക്കല്ലിടല്‍ ചടങ്ങിനുശേഷം നഗരത്തിലെ മുന്തിയ ഹോട്ടലില്‍ ഉന്നതര്‍ പങ്കെടുത്ത പാര്‍ട്ടിയും നടത്തി. എന്നാല്‍ സ്വപ്‌ന സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെ നിര്‍മാണം നിലച്ചിരിക്കുകയാണ്.