സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ, നാളെ കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ സ്വപ്ന സുരേഷും രണ്ടാം പ്രതി സന്ദീപും കസ്റ്റഡിയിൽ. ബംഗളൂരുവിൽ നിന്നുമാണ് എൻഐഎ സംഘം സ്വപ്നയെ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയെ നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം

യു.എ.ഇ കോൺസുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെ യാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവർ യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയത്. ഇതിനിടെ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര സർക്കാർ കൈമാറി.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എൻഐഎ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തതായും അറിയിച്ചിട്ടുണ്ട്