എറണാകുളം ഉപതിരഞ്ഞെടുപ്പ്: കഷ്ടിച്ച്‌ കടന്നു കൂടി ടി ജെ വിനോദ്

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കഷ്ടിച്ച്‌ കടന്നു കൂടി യുഡിഎഫ്.ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുറയാന്‍ കാരണമായത് വോട്ടിംഗ് ദിവസമുണ്ടായ കനത്ത മഴയെന്ന് വാദിച്ച്‌ യുഡിഎഫ് നേതാക്കള്‍.കഴിഞ്ഞ നിയമ സഭാ തിഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഹൈബി ഈഡന്‍ 21,000 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ വിജയിച്ച്‌ ടി ജെ വിനോദിന് വെറും 3,700 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നേടാന്‍ കഴിഞ്ഞത്.ഹൈബി ഈഡന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ വിജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ടി ജെ വിനോദിന് ഹൈബി ഈഡന്‍ നേടിയ ഭൂരിപക്ഷത്തിന്റെ അടുത്തുപോലും എത്താന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച അഡ്വ. മനു റോയിയുടെ അപരന്‍ 2,572 വോട്ടുകള്‍ നേടുകയും ചെയ്തു. ഇത് മനു റോയിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ തന്നെയാണെന്നാണഅ വിലയിരുത്തപ്പെടുന്നത്.

അങ്ങനെ വരുമ്ബോള്‍ ടി ജെ വിനോദിന്റെ ഭൂരിപക്ഷം നിലവില്‍ ലഭിച്ചതിലും താഴെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.1309 വോട്ടുകളാണ് നോട്ടയ്ക്ക് പോയത്‌.വോട്ടിംഗ് ദിവസമുണ്ടായ കനത്ത മഴയില്‍ എറണാകുളം നഗരം അക്ഷരാര്‍ഥത്തില്‍ മുങ്ങുന്ന അവസ്ഥയിലായിരുന്നു. രണ്ടു വര്‍ഷം മുമ്ബ് പ്രളയമുണ്ടായപ്പോള്‍ പോലും എറണാകുളം നഗരത്തില്‍ വെള്ളം കയറിയിരുന്നില്ല. എന്നാല്‍ വോട്ടിംഗ് ദിനം പുലര്‍ച്ചെ മുതല്‍ അഞ്ചു മണികമ്കൂര്‍ നീണ്ടു നിന്ന മഴയില്‍ എറണാകുളം നഗരം സ്തംഭിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. നഗരത്തിലെ ഭൂരിഭാഗം ഓടകളും കാനകളും കനാലുകളും യഥാസമയം വൃത്തിയാക്കാതിരുന്നതിനെ തുടര്‍ന്നാണ് വന്‍ തോതില്‍ വെള്ളക്കെട്ടുണ്ടായതെന്ന ശക്തമായ ആക്ഷേപം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചി കോര്‍പറേഷന്‍ ഭരണ സമിതിയുടെ പിടിപ്പുകേടാണ് ഇതിനു കാരണമെന്ന് വികാരം ശക്തമായി ഉയര്‍ന്നിരുന്നു.പ്രധാന റോഡുകള്‍ കൂടാതെ ഇടറോഡുകള്‍ പോലും വെള്ളത്തില്‍ മുങ്ങിയതോടെ ജനങ്ങള്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു.

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി ജെ വിനോദ്. സിപിഎമ്മും എല്‍ഡിഎഫും ഈ വിഷയം ശക്തമായി ഉയര്‍ത്തുകയും ചെയ്തതും വിനോദിന് തിരിച്ചടിയായിരുന്നു. വെള്ളക്കെട്ടിനെ തുടര്‍ന്ന് യുഡിഎഫ് കേന്ദ്രങ്ങളില്‍ പോലും കാര്യമായ പോളിംഗ് നടന്നിരുന്നില്ല. ഇതേ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ പോളിംഗ് മാറ്റിംഗ് വെയ്ക്കണമെന്ന ആവശ്യം വരെ അന്ന് യുഡിഎഫ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് 14 ബുത്തുകളില്‍ റീ പോളിംഗ് വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നല്‍കിയിരുന്നു.പോളിംഗ് ശതമാനം 60 ല്‍ താഴെ മാത്രമായിരുന്നതിനാല്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ നല്ല ആശങ്കയുണ്ടായിരുന്നു.വോട്ടെടുപ്പിനു ശേഷം നടന്ന വിലയിരുത്തലില്‍ ഭൂരിപക്ഷം നല്ല രീതിയില്‍ തന്നെ കുറയുമെന്നും നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിനോദ് വിജയിക്കുമെന്നുമായിരുന്നു വിലയിരുത്തല്‍.