അമ്മയെ നഷ്ടപ്പെട്ട രണ്ട് കുസൃതികളുടെ അച്ഛനാണ് ഞാന്‍ ; ജീവിതം പരസ്പരം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ എനിക്ക് ഒരു ഇണയെ വേണം

വിവാഹ ആലോചനകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും നടക്കാറുണ്ട. അമ്മയ്ക്ക് വരനെ തേടിയും അച്ഛന് വധുവിനെതേടിയുമൊക്കെ എത്തുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ചിത്രകാരന്‍ ടി മുരളി ഇണയെത്തേടിക്കൊണ്ട് ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പ് വിത്യസ്തമാണ്. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അഞ്ചും ഏഴും വയസുളള രണ്ട് കുസൃതിക്കുട്ടികളുടെ സ്നേഹമുളള അച്ഛനാണെന്നും വിശേഷിപ്പിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ഫോണ്‍ നമ്പരും മെയില്‍ ഐഡിയും വാട്‌സാപ്പും അടക്കമുളള വിവരങ്ങള്‍ നല്‍കിയും താത്പര്യം അറിയിക്കുന്നവരുടെ വ്യക്തിസ്വകാര്യത മാനിക്കപ്പെടുമെന്ന് വിശദമാക്കിയുമാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇണയെ തേടുന്നു !തമാശയല്ല… കാര്യമായിട്ടാണ്. ജീവിതം പരസ്പ്പരം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍, ഒരു ഇണയെ വേണം… ! ജനിച്ചത് പെരിന്തല്‍മണ്ണയിലും പഠിച്ചത് മണ്ണാര്‍ക്കാടും തിരുവനന്തപുരത്തും സ്ഥിരതാമസമാക്കിയത് കണ്ണൂരുമാണ്. സ്വന്തം ആത്മസുഖത്തിനായും സമൂഹ്യ-സാംസ്‌കാരിക നവീകരണത്തിനായും ചിത്രം വരയ്ക്കുക, എഴുതുക, ചിത്ര പ്രദര്‍ശനം നടത്തുക, പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക തുടങ്ങിയവ മാത്രമാണ് ഈ വിശ്രമകാല ജീവിതത്തിലെ പ്രധാന ജോലി.

ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട 5 വയസ്സും 7 വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്‌നേഹമുള്ള അച്ഛനാണ്. (കുട്ടികള്‍ അവരുടെ അമ്മമ്മയോടൊത്ത് താമസിച്ചു പഠിക്കുന്നു. സ്‌കൂള്‍ അവധിക്ക് അച്ഛനോടൊത്തും.) ദുശ്ശീലങ്ങളില്ല. പ്രഷര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളില്ല. സാമ്പത്തിക വിഷമങ്ങളില്ല. 2020 ജനുവരി 4ന് 55 വയസ്സ് പ്രായം. ജാതി : മനുഷ്യന്‍, മതം : മാനവികത, താല്‍പ്പര്യമുള്ള അനുയോജ്യരായവര്‍ നേരില്‍ ബന്ധപ്പെടുക (വ്യക്തിസ്വകാര്യത ആദരിക്കപ്പെടും).