ശശി തരൂർ വലിയ മനുഷ്യൻ, ഒപ്പമുള്ളത് പുരുഷാരം, സുധാകരൻ യുവാക്കളോടൊപ്പം നിൽക്കണം- ടി പത്മനാഭൻ

ശശി തരൂർ കോൺഗ്രസിലെ മാത്രമല്ല രാഷ്ട്രീയ കേരളത്തിന്റെ തന്നെ തരംഗം ആകുമ്പോൾ പ്രസിദ്ധ ചെറുകഥാ കൃത്ത് ടി പത്നമാഭന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ശശി തരൂരിനൊപ്പമാണ്‌ കേരളത്തിലെ പുരുഷാരം എന്ന് അദ്ദേഹം പറയുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനോട് കഥാകൃത്ത് ടി.പത്മനാഭന്റെ അഭ്യർഥനയും ഉപദേശവും ഇങ്ങിനെ… കെ സുധാകരൻ ശശി തരൂരിനൊപ്പം നില്ക്കണം. കെ.പി.സി.സി. ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം ഡി.സി.സി. ഓഫീസിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് കോൺഗ്രസ് ചുരുങ്ങിച്ചുരുങ്ങി വരുന്നതിനെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം തരൂർ വിഷയത്തിലെത്തിയത്. ‘എനിക്ക് കെ.പി.സി.സി. പ്രസിഡന്റ് സുധാകരനോട് ഒരപേക്ഷയുണ്ട്.

ദയവുചെയ്ത് നിങ്ങൾ ചെറുപ്പക്കാരുടെ കൂടെ നിൽക്കണം. എന്നെപ്പോലെ ഔട്ട്ഡേറ്റഡായവരോടൊപ്പം നിൽക്കരുത്. തരൂരുമായി ബന്ധപ്പെട്ട തർക്കത്തിൽ മോശമായി നിങ്ങളൊന്നും പറഞ്ഞിട്ടില്ല. അതിൽ അനുമോദിക്കുന്നു. ചെറുപ്പക്കാരോടൊപ്പം പടനായകനായി നിൽക്കണം. നിന്നുകാണണം. നിങ്ങളിൽനിന്ന് ഞാൻ അത് പ്രതീക്ഷിക്കുന്നു. എനിക്ക് തരൂരിനെ പ്രശംസിച്ചിട്ട്‌ ഒന്നും ലഭിക്കാനില്ല. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. ഒരു പുരുഷാരം കൂടെയുണ്ട്. അവരൊന്നും വ്യാമോഹങ്ങളുമായി വരുന്നവരല്ല. ചെറുപ്പക്കാരാണ്. അധികാരത്തിനു പിറകെ നടക്കുന്നവർ മാറിനിൽക്കണം. ആകെ ഒരു മുഖ്യമന്ത്രിയേ ഉണ്ടാകൂ. അധികാരമോഹം പാരമ്യത്തിലെത്തിയതാണ് കോൺഗ്രസിന് എല്ലായിടത്തും വിനയായത്. ഇന്ത്യയുടെ രക്ഷയ്ക്കായി കോൺഗ്രസ് ദീർഘകാലമുണ്ടാകണം.

കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും കൊടുങ്കാറ്റു പോലെ അടിക്കുന്നതായിരിക്കും ടി പത്നമാഭന്റെ നിരീക്ഷണം. കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിലെ കോൺഗ്രസിന്റെ പിടിച്ച് നില്പ്പും അടുത്ത ഭരണവും പ്രധാന ലക്ഷ്യമാണ്‌. വിലയും നിലയും ജന പിന്തുനയും ഉള്ള ശശി തരൂരിനൊപ്പം നില്ക്കാൻ കെ സുധാകരനു സാധിച്ചില്ലേൽ കോൺഗ്രസ് കേരളത്തിലും ഒരു മഹാ നാശത്തിലേക്ക് വീഴും. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് തുടർ ഭരണം സമ്മാനിച്ചത് കോൺഗ്രസ് ആയിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും പ്രതിപക്ഷ ചലനങ്ങൾ ഉണ്ടാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ആകെയുള്ളത് വി ഡി സതീശന്റെ മാധ്യമങ്ങളേ കാണൽ മാത്രമാണ്‌. വി ഡി സതീശനാവട്ടേ ഗ്രൂപ്പുമില്ല സ്വന്തമായി 100 പേരേ കൂടെ നിർത്താനും ഇല്ല.

കോൺഗ്രസിൽ തന്നെ പറയുന്നത് വി.ഡിക്കൊപ്പം വി ഡി മാത്രം എന്ന രീതിയിൽ ആണ്‌. നല്ല വാഗ്മി കൂടിയായ വി ഡി സതീശനു പ്രവർത്തകരേയും നേതാക്കളേയും തന്റെ പക്കലേക്ക് അടുപ്പിക്കാൻ ആയില്ല. നാക്കും വാക്കും സാമർഥ്യവും മാത്രമാണ്‌ വി ഡി സതീശൻ. പാർട്ടിയിലും മുന്നണിയിലും ശക്തിമാനും സ്വാധീനം ഉള്ള ആളുമല്ല എന്നും കോൺഗ്രസ് നേതാക്കൾ തന്നെ വിലയിരുത്തുന്നു. ശശി തരൂരിനൊപ്പം ആണ്‌ കേരളത്തിലെ ഉമ്മൻ ചാണ്ടി പക്ഷവും മറ്റും. എ.കെ ആന്റണിയുടെ ആശീർവാദവും തരൂരിനൊപ്പം ഉണ്ട്. മാത്രമല്ല മാത്യു കുഴൽ നാടൻ പോലെയുള്ള കോൺഗ്രസിന്റെ പുതുരക്തം ശശി തരൂരിനൊപ്പം അടിയുറച്ച നിലപാടിലാണ്‌. ആകെ ഭയം ഉള്ളത് മുഖ്യ മന്ത്രി കുപ്പായം തുന്നി വയ്ച്ചിരിക്കുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലക്കും മാത്രം എന്നും കോൺഗ്രസിൽ അടക്കം പറച്ചിൽ ഉണ്ട്. അടുത്ത ഭരണത്തിൽ ഇടത് മുന്നണി ഉണ്ടാകാതിരിക്കാൻ ശശി തരൂർ എന്ന സോഷ്യൽ മീഡിയ കാമ്പയിനും യുവജന വിഭാഗം ഏറ്റെടുത്തു

കഴിഞ്ഞ ദിവസമാണ്‌ പാലായിൽ വൻ ജനാവലിയെ സാക്ഷിയാക്കി എ.പി പി നേതാവും മുൻ വൈസ് ചാൻസലറുമായ സിറിയക് തോമസ് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാണ്‌ ശശി തരൂർ എന്ന് പ്രഖ്യാപിച്ചത്. ഇപ്പോൾ കെ സുധാകരനെ വേദിയിൽ ഇരുത്തി തരൂരിനെ പുകഴ്ത്തുകയും ശശി തരൂർ ആണ്‌ കോൺഗ്രസിനെ രക്ഷിക്കുക എന്നും തറപ്പിച്ച് ടി പത്നമാഭനും പറയുമ്പോൾ കേരളത്തിന്റെ പൊതു സമൂഹത്തിന്റെ മനസ് വ്യക്തം. രാഷ്ട്രീയ പാർട്ടിക്കാരല്ലാത്ത കേരളത്തിലെ വൻ ജനാവലി പോലും തരൂരിനൊപ്പമാണ്‌.

കെ സുധാകരനെ വേദിയിൽ ഇരുത്തി കണ്ണൂർ ഡി സി സിയുടെ പരിപാടിയിൽ പസിദ്ധ കഥാകൃത്ത് ടി പത്നമാഭന്റെ വാക്കുകൾ ഇങ്ങിനെ…ഖദറിട്ടതുകൊണ്ടുമാത്രം ഗാന്ധിയനാകില്ല. ലോകത്ത് ഒരു ഗാന്ധിയനേ ഉണ്ടായിട്ടുള്ളൂ. അത് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തെ വെടിവെച്ചുകൊന്നു. ഒരു ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളൂ. അത് ക്രിസ്തുവാണ്. അദ്ദേഹത്തെ കുരിശിൽ തറച്ചു -ടി.പത്മനാഭൻ പറഞ്ഞു. ലോകത്ത് എവിടെപ്പോകുമ്പോഴും ഖദർ മാത്രമാണ് ഞാൻ ധരിക്കാറ്. അതൊരു വാശിയാണ്, അഭിമാനമാണ്. ഗാന്ധിപ്രതിമകളും പി.കൃഷ്ണപിള്ളയുടെ പ്രതിമയും ആക്രമിക്കപ്പട്ടതിനെക്കുറിച്ച് പറയുന്നതിനിടെ പത്മനാഭൻ പറഞ്ഞു. എന്റെ ഒരു പ്രതിമയും കഴിഞ്ഞദിവസം സ്ഥാപിച്ചിട്ടുണ്ട്. ഇനി അടി അതിനും കിട്ടുമോ? പത്മനാഭൻ ചോദിച്ചു.