അരിക്കൊമ്പന്‍ കമ്പം ടൗണില്‍, മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനം വകുപ്പ്

കമ്പം. കേരളത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന കമ്പം ടൗണില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുമെന്ന് തമിഴ്‌നാട് വനം വകുപ്പ്. തൽക്കാലം ആനയെ മയക്കുവെടിവെച്ച് ഉള്‍വനത്തിലേക്ക് തന്നെ മാറ്റുവനാണ് തമിഴ്‌നാടിന്റെ തീരുമാനം. അതേസമയം എന്നാണ് അരിക്കൊമ്പനെ മയക്കുവെടിവയ്ക്കുക എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. കുങ്കികളെ അടക്കം തമിഴ്‌നാട് വനം വകുപ്പ് കമ്പത്തേക്ക് എത്തിക്കുന്നുണ്ട്. ആനമലയില്‍ നിന്നും മുതമലയില്‍ നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടുവെന്നാണ് വിവരം.

അതേസമയം അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്തിയതോടെ കമ്പം പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ആനയെ കാട്ടിലേക്ക് നീക്കുവാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിവഴിയാണ് ആന കമ്പം ടൗണില്‍ എത്തിയത്. കമ്പത്ത് നിന്നും ചെറിയ ദൂരം മാത്രമാണ് കേരള അതിര്‍ത്തിയിലേക്ക് ഉള്ളത്.

ശനിയാഴ്ച രാവിലെയാണ് ആന കമ്പം ടൗണില്‍ എത്തിയത്. നിരവധി വാഹനങ്ങള്‍ ആന തകര്‍ത്തുവെന്നാണ് വിവരം. പ്രധാന റോഡിലൂടെ ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അരിക്കൊമ്പന്റെ പ്രവര്‍ത്തി ജനജീവിതത്തെ ബാധിച്ചതിനാലാണ് തമിഴ്‌നാട് മയക്കുവെടിവെക്കാന്‍ തീരുമാനിച്ചത്.