കാര്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച് ടാറിംഗ് തൊഴിലാളികള്‍

കൊച്ചി. വഴി തടസ്സപ്പെടുത്തി ടാറിംഗ് നടത്തിയതിനെ ചോദ്യം ചെയ്ത കാര്‍ യാത്രികരുടെ ദേഹത്ത് തൊഴിലാളികള്‍ തിളച്ച ടാര്‍ ഒഴിച്ചു. റോഡ് ടാറിങ്ങിന് മുന്നറിയിപ്പ് ബോര്‍ഡ് വെക്കാതെയായിരുന്നു തൊഴിലാളികള്‍ ടാറിംഗ് നടത്തിയത്. ഇത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചെലവന്നൂരില്‍ റോഡ് പണിക്കിടെയാണ് കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും ടാറിംഗ് തൊഴിലാളികളും തമ്മില് തര്‍ക്കം ഉണ്ടായത്. തര്‍ക്കത്തില്‍ തിള്ച ടാര്‍ തൊഴിലാളികള്‍ യാത്രക്കാരുടെ ദേഹത്ത് ഒഴിച്ചുവെന്നാണ് പരാതി.

വാഹനങ്ങള്‍ ബ്ലോക്ക് ചെയ്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ ബോര്‍ഡ് വെക്കണമെന്ന് പറഞ്ഞുവെന്നും പിന്നാലെ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നെന്നും പരിക്കേറ്റ വ്യക്തി പറഞ്ഞു. പൊള്ളലേറ്റ മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടി.