ഇന്ത്യ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ആശങ്ക

യുക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്പ് വില 40 ശതമാനം വരെ കുതിച്ചുയർന്നു. ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത് ഇതിന് പിന്നാലെയാണ്. ഇതോടെ ആഗോള മാർക്കറ്റിൽ വീണ്ടും ഗോതമ്പിൻറെ വില കുതിക്കുകയാണ്.

ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയർന്നു നിൽക്കുമ്പോഴുള്ള നിരോധനത്തിന്‍റെ ആഘാതം ലോക വിപണിയിൽ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ  അമേരിക്കൻ വിപണിയിൽ ഗോതമ്പ് വില അഞ്ചു ശതമാനം ഉയർന്നു. ഉഷ്‌ണതരംഗം രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്പിന്റെ കയറ്റുമതി തടഞ്ഞത്.

ഗോതമ്പ് കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ കയറ്റുമതി പുനരാരംഭിക്കും എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ജി ഏഴ്  രാജ്യങ്ങളുടെ കാർഷിക മന്ത്രിമാർ രംഗത്തെത്തി. ഇപ്പോഴത്തെ ലോകസാഹചര്യത്തിൽ പ്രധാന ഉത്പാദക രാജ്യങ്ങൾ ധാന്യങ്ങൾക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയാൽ അത് ലോകത്തെ ദോഷകരമായി ബാധിക്കും എന്നാണ് ജി ഏഴ് രാജ്യങ്ങളുടെ വാദം.