കുട്ടികൾ വേണ്ടെങ്കിൽ ഗർഭനിരോധനമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് നിങ്ങളാണ്, പങ്കാളിയെ നിങ്ങളുടെ ചോയ്സ് അടിച്ചേൽപ്പിക്കുന്നത് മിടുക്കല്ല

അന്ന ബെന്നും സണ്ണി വെയ്നും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് സാറാസ്. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്. സിനിമ പുറത്തിറങ്ങിയതിനുപിന്നാലെ ഏബോർഷനുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. പെൺഭ്രൂണഹത്യയ്ക്കെതിരെ ഘോരം ഘോരം പോസ്റ്റിടുന്നവരാണ് എന്റെ ചോയ്സ് അല്ലെങ്കിൽ ഞാൻ അബോർഷൻ ചെയ്യും എന്ന് പറയുന്നതിനെ ന്യായീകരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂ‍ടെ തുറന്നെഴുതുകയാണ് മാധ്യമ പ്രവർത്തക തങ്കം തോമസ്

കുറിപ്പിങ്ങനെ

സാറാസ് കണ്ടില്ല, പക്ഷെ പലരും റിവ്യൂ എഴുതിയിരിക്കുന്നത് കണ്ടു, അബോർഷൻ പുല്ലുപറിക്കുപോലെ സുഖകരമായ ഇടപാടാണെന്ന് പറഞ്ഞെഴുതിയ പലതിനോടും വിയോജിപ്പുണ്ട് ആദ്യത്തെ കാര്യം, സിനിമയൊക്കെ സ്വപ്നം കാണുന്ന ഒരു പെൺകുട്ടി, ഗർഭനിരോധനമാർഗ്ഗങ്ങളെ കുറിച്ച് ബോധവതിയല്ലേ, അബോർഷൻ എന്നുവച്ചാൽ പൂ പറിക്കുന്നപോലെ ഒരു മുടികൊഴിയുന്ന പോലെ വളരെ എളുപ്പമാണെന്നും, പ്രസവത്തേക്കാൾ അനായാസകരമാണെന്നും ഒക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് കണ്ടു. പ്രസവം പോലെ തന്നെയുള്ള പ്രക്രിയകളാണ് ഗർഭഛിദ്രമാർഗ്ഗങ്ങളിലും ഒരു പരിധിവരെ അവലംബിക്കുന്നത്. സലൈൻ നിറച്ചും, ഡിആൻഡി ചെയ്തും ഒക്കെ പുറത്തെടുക്കുന്നതും ഏത് മികച്ച ആശുപത്രിയിലാണെങ്കിലും മരണകരമായ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. പ്രസവത്തിൽ മരിക്കുന്ന സ്ത്രീകളെക്കാൾ കൂടുതലുണ്ട് അബോർഷനിടെ മരിക്കുന്ന സ്ത്രീകളുടെ എണ്ണമെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും.

ശരിയാണ് അമ്മയാകണോ എന്ന അവകാശം സ്ത്രീയുടേതാണ്. അത്തരം സ്ത്രീകൾ അതിനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം. രണ്ടു പേർ ഒരുമിച്ച് കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച് കല്യാണം കഴിച്ചാലും, ഒരുമിച്ച് ജീവിച്ചാലും, പങ്കാളിക്ക് കുട്ടി വേണം എന്ന് തോന്നിയാൽ സ്വന്തം ചോയ്സ് സംരക്ഷിക്കാൻ വേണ്ടി ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള അന്തസ് കാണിക്കണം. അല്ലാതെ എന്റെ പങ്കാളി സ്വന്തം താൽപര്യങ്ങൾ മാറ്റി വയ്ക്കണം എന്നത് സ്ത്രീസ്വാതന്ത്ര്യവും സമത്വവും ആണെന്ന് വാദിക്കരുത്.ആണിനും പെണ്ണിനും ഒരുപോലെ അവരുടെ അവകാശങ്ങൾ അത് ജൈവീകമാണെങ്കിലും മാനസീകമാണെങ്കിലും നേടിയെടുക്കാൻ കഴിയുന്നിടത്താണ് സമത്വം ഉണ്ടാകുക.

എന്റെ ചോയ്സ് എന്റെ ചോയ്സ് എന്ന് മുദ്രാവാക്യം വിളിക്കുന്നവർ, ഫെമിനിസം തുല്യതയുടെ സിദ്ധാന്തമാണെന്ന് പലപ്പോഴും മറക്കുന്നുണ്ട്. പെൺഭ്രൂണഹത്യയ്ക്കെതിരെ ഘോരം ഘോരം പോസ്റ്റിടുന്നവരാണ് എന്റെ ചോയ്സ് അല്ലെങ്കിൽ ഞാൻ അബോർഷൻ ചെയ്യും എന്ന് പറയുന്നതിനെ ന്യായീകരിക്കുന്നത്. ഇന്ന് തൊട്ടിൽ മുതൽ രോഗക്കിടക്കയിൽ വരെ ഏത് നിമിഷവും ലൈംഗീകാതിക്രമത്തിന് ഇരയാകേണ്ട അവസ്ഥയുള്ള ഒരു സ്ത്രീയെ കൂടി ഈ ലോകാത്തേക്ക് സൃഷ്ടിക്കണ്ടാ, അത് കൊണ്ട് എന്റെ ഗർഭത്തിൽ പെൺകുഞ്ഞാണെങ്കിൽ ഞാനതിനെ കൊല്ലും എന്നൊരു അമ്മ പറഞ്ഞാൽ അത് അവരുടെ ചോയ്സ് ആണെന്ന് കരുതി നിങ്ങൾ അംഗീകരിച്ച് കൊടുക്കുമോ, മൈ ചോയ്സുകാർ അബോർഷന് പോകുന്പോൾ അതൊരു പെൺകുഞ്ഞാണെങ്കിൽ ജീവിക്കാൻ അനുവദിക്കുമോ, എന്തോരു ഇരട്ടത്താപ്പ് പിന്നെ, പ്രസവിക്കാൻ താൽപര്യമില്ലാത്ത സ്ത്രീയാണ് അതിന് അതിന് പ്രതിരോധം എന്ത് തന്നെയാണെങ്കിലും വന്ധ്യകരണശസ്ത്രക്രിയ അടക്കം ചെയ്യേണ്ടത്, അല്ലാതെ എന്റെ ചോയ്സ് അല്ലാത്തോണ്ട് എന്റെ പങ്കാളി വന്ധ്യംകരണത്തിന് വിധേയനാകട്ടേ അവന് എളുപ്പമല്ലേ എന്ന് പറയുന്നത് തെണ്ടിത്തരമാണ്. അബോർഷനുണ്ടാക്കാത്ത ഒരു ആരോഗ്യപ്രശ്നവും വന്ധ്യംകരണശസ്ത്രക്രിയയും ഉണ്ടാക്കില്ല. നിങ്ങൾക്ക് കുട്ടികൾ വേണ്ടെങ്കിൽ ഗർഭനിരോധനമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് നിങ്ങളാണ്, നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ ചോയ്സ് അടിച്ചേൽപ്പിക്കുന്നത് മിടുക്കല്ല, സ്ത്രീയുടെ വിജയവുമല്ല. ശക്തയായ സ്ത്രീയെന്ന നിലയിൽ അയാളെ അയാളുടെ ചോയ്സ്, കുട്ടികൾ വേണമെങ്കിൽ മറ്റൊരു ബന്ധത്തിലേക്ക് പോകാം എന്ന വാതിൽ എപ്പോഴും തുറന്നിടുക തന്നെ വേണം.

എന്റെ ഇഷ്ടം എന്നാൽ മറ്റൊരാളുടെ ഇഷ്ടങ്ങൾ നിഷേധിക്കാലല്ലെന്ന നല്ല ബോധം വേണംഫെമിനിസം എന്നതിന് എസ്ക്കേപിസം എന്നല്ല അർത്ഥം. കുറേ സ്ത്രീകൾ അങ്ങനെ ധരിച്ചുവച്ചിട്ടുണ്ട്. ഉത്തരവാദിത്തങ്ങൾ തുല്യമായി പങ്കിടുന്നതാണ് ഫെമിനിസം. അല്ലാതെ സ്ത്രീ കസേരപ്പുറത്തിരുന്നിട്ട് പങ്കാളിയെ വിധേയനാക്കുകയല്ല, ഇമ്മാതിരിയുള്ള കുറേ ഫെമിനിസ്റ്റുകളാണ് നാട്ടുകാരെക്കൊണ്ട് ഫെമിനിച്ചി വിളികേൾപ്പിക്കുന്നത് കുറച്ചുപേർ നല്ല മാതാപിതാക്കളാകാൻ പറ്റില്ലെങ്കിൽ അബോർഷൻ ചെയ്യണം എന്ന് പറയുന്നത് കണ്ടു. ഈ ലോകത്ത് ഒരിടത്തും നല്ല മാതാപിതാക്കൾ, എന്നൊരു കാറ്റഗറി ഇല്ല. അല്ലെങ്കിൽ അവരുവല്ല മാലാഖമാരും ആയിരിക്കണം. ഗർഭം ഉണ്ടായിട്ടല്ല എനിക്ക് നല്ല പേരന്റ് ആകാൻ പറ്റുമോ എന്ന് ചിന്തിക്കേണ്ടത്. കെട്ടുന്നതിന് മുന്നേ ചിന്തിക്കണം. ഇനി കെട്ടിക്കഴിഞ്ഞ് പങ്കാളിക്ക് കുട്ടിവേണം എന്ന് തോന്നിയാൽ നിങ്ങൾക്ക് പറ്റില്ലെങ്കിൽ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോണം. അതാണ് അന്തസ്.

പ്രസവിക്കാൻ താൽപര്യമില്ലാത്തവർ, വാടകഗർഭധാരണത്തിനോ ദത്തെടുക്കാനോ ശ്രമിക്കരുത്, കാരണം ആരോഗ്യപരമായ കാര്യങ്ങളാൽ മാതൃത്വമോ പിതൃത്വമോ നിഷേധിക്കപ്പെടുന്നവരെ പോലെ അല്ല ഗർഭം ധരിക്കാനേ താൽപര്യമില്ലാത്തവർ, അവർക്ക് ഒരു കുട്ടിയെ സ്നേഹിക്കാനോ കരുതാനോ കഴിയില്ല, ഒരു ത്യാഗവും ചെയ്യൻ തയ്യാറല്ലാത്തവർ എടിഎമ്മിൽ പോയി ഞെക്കി കിട്ടുന്ന പോലെ വാടകഗർധാരണം വഴിയോ അല്ലെങ്കിൽ ദത്തെടുത്തോ കിട്ടുന്ന കുട്ടിയോട് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാവുന്നതെ ഉള്ളു. കഷ്ടപ്പെട്ട്,നിർബന്ധത്തിന് ഇരയായി പ്രസവിച്ച് സ്ത്രീകളോടാണ് നിങ്ങളുടെ മക്കളോട് നിങ്ങളെ എനിക്ക് ആവശ്യമില്ലാതെ ഉണ്ടായതാണെന്ന് മുഖത്ത് നോക്കി തന്നെ പറയണം. നിങ്ങളെ അവർക്ക് മനസിലാകും, നാളെ അവർക്കും ആവശ്യമില്ലാതെ നിങ്ങളെ സഹിക്കേണ്ടി വരില്ലല്ലോ നാട്ടുകാരെ കാണിക്കാനും, കുട്ടിയെ ഉണ്ടാക്കാൻ കഴിവുണ്ടെന്ന് തെളിയിക്കാനും മക്കളെയുണ്ടാക്കുന്ന പലരുമുണ്ട്, അവരാണ് മോശം മാതാപിതാക്കൾ. ആരും പിക്ചർ പെർഫെക്ടായി പേരന്റ്സ് ആവില്ലെന്ന ബോധമെങ്കിലും നമുക്കുണ്ടാവണം.

നാട്ടുകാരെ കാണിക്കാൻ കുട്ടികളെ ജനിപ്പിച്ച്, അവരോടുള്ള പ്രാഥമിക ഉത്തരവാദിത്തം പോലും ചെയ്യാതെ നടക്കുക,എന്നിട്ട് ഓ അബദ്ധം പറ്റി വേണ്ടാരുന്നെന്ന്,ഇന്നാരുന്നേൽ ഞാനും അബോർട്ട് ചെയ്തേനേ എന്ന് പോസ്റ്റിടുക, അതിന്റെകൂടെ അവരെൻറെ കുഞ്ഞിനെ കളയാൻ പറഞ്ഞു,എൻറെ മഹനീയ മാതൃത്വം മൂലം ഞാനത് ചെയ്‌തില്ലേന്നും കൂടി പറഞ്ഞ് മികച്ച അമ്മയും ത്യാഗമയി ആണെന്നും അതേ വാ കൊണ്ടു പറയുക എന്തൊരു പ്രഹസനമാണ് സജീ. ജോലിയും കരിയറും സ്വപ്നങ്ങളും കുഞ്ഞുങ്ങളുമായി നേടിയ പെണ്ണുങ്ങളെ ആയിരം പേരെ കാട്ടിത്തരാം.

ആനയുടെ ഗർഭത്തിലെ കുഞ്ഞിനുവേണ്ടിപ്പോലും കരഞ്ഞ ടീംസ് ആണ് ഗർഭത്തിലെ മനുഷ്യക്കുഞ്ഞിനെ കശിക്കിയെറിയുന്നതിനെ ചോയ്സിന്റെ ന്യായീകരണവുമായി ഇറങ്ങുന്നത്. അറുത്തുമുറിച്ചും ഉപ്പുവെള്ളത്തിലിട്ടും നിങ്ങൾ നിയമവിധേയമായി നിങ്ങൾ കൊന്നുകളഞ്ഞ, കൊന്നുകളയുന്ന ഭ്രൂണം ഒരു മനുഷ്യകുഞ്ഞാണ്, ഗർഭത്തിന്റെ ആദ്യകാലത്ത് ജനിച്ചാൽ പോലും അതിജീവനസാധ്യതയുള്ള മനുഷ്യക്കുഞ്ഞ്. മതം പറയുന്നതല്ല, ശാസ്ത്രം പറയുന്നതാണ്. ഇതിവിടെ കുറിക്കുന്നത് ആത്മീയതയുടെ ഭാഗമായല്ല മറിച്ച്, അബോർഷന് ഒരപകടവുമില്ലെന്ന് പറഞ്ഞ് കുപ്പത്തൊട്ടിയിലെ കുഞ്ഞുശവങ്ങൾ തിന്നാനിരിക്കുന്ന നിങ്ങളുടെ ഒക്കെ മനസാക്ഷിയില്ലായ്മ കണ്ടിട്ടാണ്. ശവംതീനിക്കഴുകൻമാർ എത്ര ഭേദം അത് വിശപ്പടക്കാനാണല്ലോ കൊല്ലുന്നതും തിന്നുന്നതുംനിങ്ങളുടെ ഗർഭം ആവശ്യമുള്ളപ്പോൾ മനുഷ്യക്കുഞ്ഞും, വേണ്ടത്തപ്പോൾ വെറും ഭ്രൂണവുമായി മാറുന്ന മനശാസ്ത്രം ഇന്നുവരെ എനിക്ക് പിടികിട്ടിയിട്ടില്ല. ആവശ്യമുള്ള ഗർഭത്തിന് പാട്ടുകേൾപ്പിച്ചും, ഗർഭസംസ്കാരം നടത്തിയും നിങ്ങളെന്തിനാണ് ട്രെയിൻ ചെയ്യുന്നത് എപ്പോൾ വേണമെങ്കിലും കൊന്നുകളയാവുന്ന, സോറി പല്ലു പറിക്കും പോലെ പിഴുത് കളയാവുന്ന ഒരു മാംസപിണ്ഡം മാത്രമാണെങ്കിൽ, എന്തിനാണ് നിങ്ങളതിന്റെ അനക്കം കതോർത്തത്. സ്വാർത്ഥതാൽപര്യത്തിന് വേണ്ടി എത്ര നുണകളാണ് മനുഷ്യർ പറഞ്ഞുവയ്ക്കുന്നത്. ലോകത്ത് മുഴുവൻ ദുഷ്ടതയാണെന്ന് പറയും ഗർഭപാത്രത്തിൽ നിങ്ങളുടെ സ്വാർത്ഥത പറ്റി വളരുന്ന കുഞ്ഞ് മാലാഖയാകണെന്ന് വിചാരിക്കരുത് നിങ്ങൾക്ക് പറ്റാത്തത് മറ്റൊരാൾക്ക് കഴിയുന്നതിൽ നിങ്ങൾക്കെന്തിനാണ് കുരുപൊട്ടുന്നത്, വലിയ കുടുംബങ്ങളെ കുറിച്ചുള്ള വാർത്തകൾ നിങ്ങളെ അസ്വസ്ഥരാക്കേണ്ട, കാരണം നേരിട്ട് അറിയാവുന്ന പല വലിയ കുടുംബങ്ങളിലും അത് പങ്കാളികൾ ഒരുമിച്ചെടുത്ത ചോയ്സ് ആണ്.

നിങ്ങൾക്ക് വേണ്ട എന്ന ചോയ്സ് ഉള്ളത് പോലെ അവർക്ക് വേണം എന്ന ചോയ്സ് ഉണ്ട് അതിനെ ബഹുമാനിക്കുന്നതും സമൂഹത്തിൽ സമത്വം കൊണ്ടുവരുന്നതിന്റെ ഭാഗം തന്നെയാണ്. അല്ലാത്ത പക്ഷം നിങ്ങളും ബീഫ് നിരോധനക്കാരും തമ്മിൽ എന്താണ് വ്യത്യാസം. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെയാണ് മറ്റൊരാൾക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യവും. വിവരമില്ലാത്തവരല്ല, നല്ല ബോധവും വിവരവും ഉള്ളവരാണ് ഈ വലിയ കുടുംബങ്ങളിലെ മാതാപിതാക്കളും, മാതൃത്വവും പിതൃത്വവും അവർക്കൊരു ബാധ്യതയല്ല, അതാവശ്യപ്പെടുന്ന ത്യാഗങ്ങൾ ചെയ്യാൻ ആ മാതാപിതാക്കൾ തയ്യാറുമാണ്.

ചോയ്സ് സ്ത്രീക്ക് മാത്രം ഉള്ളതല്ല, എല്ലാ മനുഷ്യർക്കും ലിംഗഭേദമന്യേ ചോയ്സ് ഉണ്ട്. ചോയ്സുകളിൽ കോംപ്രമൈസ് ചെയ്യാൻ പറ്റാത്തവർ മറ്റുള്ളവരുമായി സഹകരിച്ച് ചെയ്യേണ്ട ഒരു പണിക്കും ഇറങ്ങരുത്, അഥവാ ഇറങ്ങിയാൽ സ്വയം പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കണം..ആരുടേയും നിലപാടുകളിൽ മാറ്റമൊന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നതെന്ന് ഉറപ്പുണ്ട്.ഇതെഴുതിക്കഴിഞ്ഞ് ഹാർട്ട്ബീറ്റില്ലാതെ D&C ചെയ്യേണ്ടിവന്ന രണ്ട് അമ്മമാരുടെ മെസേജ് വന്നു ഡി ആൻഡ് സി ചെയ്തശേഷം ഹെവിബ്ലീഡിങ്ങും ഇൻഫെക്ഷനും മൂലം ദുരിതപർവം താണ്ടിയവർ, അവരുടെ കരച്ചിൽ കാതിൽ നിന്നു പോയിട്ടില്ല…പുല്ലുപറിയല്ല ഗർഭഛിദ്രം ഓർമ്മ വേണം