വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇടതു കയ്യും കാലും നഷ്ടമായെങ്കിലും തൻസീർ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു

കഴിഞ്ഞ വർഷമാണ് തൃശ്ശൂർ പാവറട്ടി സെക്ഷനിലെ ജീവനക്കാരനായിരുന്ന തൻസീറിന് ജോലിക്കിടയിൽ ഷോക്കേൽക്കുന്നത്. കാക്കശേരി പുല്ലാട്ടയിൽ താഹയുടെ മകനാണ് ഇരുപത്തി മൂന്നുകാരനായ തൻസീർ. ഷോക്കേറ്റ് 25 മിനുറ്റോളം കമ്പിയിൽ തൂങ്ങിക്കിടന്ന ശേഷമാണ് ജവൻ രക്ഷിക്കുന്നത്. ഷോക്കേറ്റ് തൂങ്ങിക്കിടന്ന തൻസീറിന്റെ കൈകളും കാലുകളും കത്തിക്കരിഞ്ഞു. ഭീതി മൂലം ആരും വൈദ്യുതക്കാലിൽ കയറാൻ ധൈര്യപ്പെട്ടില്ല. ഒടുവിൽ ചക്കാണയിൽ മാധവന്റെ മകൻ സച്ചിൻ വൈദ്യുതക്കാലിൽ കയറി ഷോക്കേറ്റ് കിടന്ന തൻസീറിനെ താങ്ങിപ്പിടിച്ചു. കാൽ കമ്പിയിൽ കുരുങ്ങിയതു മൂലം താഴെ ഇറക്കാനായില്ല.

സെപ്റ്റംബർ മൂന്നിനാണ് അപകടം നടക്കുന്നത്. മരുതയൂരിലേക്ക് പുതിയ ലൈൻ വലിക്കുന്ന ജോലിയിലായിരുന്നു അതിനിടെ ഹൈ ടെൻഷൻ കമ്പിയിൽ നിന്നും ഷോക്കേറ്റു. അഗ്‌നിരക്ഷാസേന വരുന്നതു വരെ തൻസീർ വീഴാതെ കാത്ത സഹപ്രവർത്തകര്‌ പ്രഥമ ശുശ്രൂഷ നൽകിക്കൊണ്ടേയിരുന്നു. താഴെയിറക്കുമ്പോൾ തൻസീറിനു ബോധം നഷ്ടമായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സക്കുശേഷം ഇപ്പോൾ ജർമൻ നിർമിതമായ കാലും കൈകളും ധരിച്ച് പിച്ചവെച്ചു നടക്കാനുള്ള ശ്രമത്തിലാണ് തൻസീർ.

എറണാകുളം മെഡിക്കൽ സെന്റർ ഐസിയുവിൽ രണ്ടരമാസം ചികിത്സ. ഇടതു കയ്യും കാലും മുറിച്ചു മാറ്റി. പിന്നീട് എറണാകുളം അമൃത ആശുപത്രിയിൽ തുടർച്ചയായ ശസ്ത്രക്രിയകളും ചികിത്സയും നടത്തി. നിരവധിപ്പേരുടെ സഹായം കൊണ്ടാണ് ഇന്നും ജീവിക്കാൻ സാധിച്ചതെന്ന് തൻസീർ പറഞ്ഞു