അര്‍ജുന്‍ മരുമകനല്ല മകനാണ്; താര കല്യാണ്‍

ഭര്‍ത്താവിന്റെ വേര്പാടിന് ശേഷം നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ നേരിട്ട കഷ്ടപ്പാടുകളുടെ ജീവിത വിജയങ്ങളില്‍ ഒന്നാണ് മകള്‍ സൗഭാഗ്യയുടെ വിവാഹം. ഫെബ്രുവരി മാസം നടന്ന ആഘോഷപരമായ ചടങ്ങ് സോഷ്യല്‍ മീഡിയ വഴി ആരാധകരുടെ മുന്നിലും എത്തിയിരുന്നു. ഗുരുവായൂര്‍ വച്ചായിരുന്നു വിവാഹം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യ തന്റെ കാമുകനും സുഹൃത്തുമായ അര്‍ജ്ജുനെ വിവാഹം ചെയ്തത്.

അപ്രതീക്ഷിതമായാണ് മകള്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്ന് താര കല്യാണ്‍ പറയുന്നു. ലളിതമായ ചടങ്ങ് മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയാണ് അത് വലുതാക്കി കാണിച്ചത് താരാ കല്യാണ്‍ പറയുന്നു. മകളുടെ വിവാഹം എനിക്ക് ശരിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച് അവള്‍ എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം. അതോര്‍ത്തപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭര്‍ത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാല്‍ മകള്‍ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.

പെട്ടെന്നൊരു ദിവസം അവള്‍ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാന്‍സി നമ്പര്‍ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20-02-2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാര്‍ഥത്തില്‍ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല. ചിലരുടെയൊക്കെ നമ്പര്‍ കണ്ടെത്തി ക്ഷണിക്കുക മാത്രമാണ് ചെയ്തത്.

അര്‍ജുനെ വളരെ വര്‍ഷം മുന്‍പ് മുതല്‍ അറിയാം. അവന്റെ പ്രീഡിഗ്രി കാലത്ത് ഞാന്‍ അവനെ ഡാന്‍സ് പഠിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ വിദ്യാര്‍ഥികള്‍ ആരും എന്നോട് ഒരു കാര്യത്തിനും മറുത്തൊരു വാക്ക് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്ത് പിണക്കം മാറ്റി. അന്നത്തെ എന്റെ വിദ്യാര്‍ഥി ഭാവിയില്‍ എന്റെ മകളുടെ ഭര്‍ത്താവായി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അര്‍ജുനെ മരുമകന്‍ എന്നല്ല മകന്‍ എന്നു വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണെന്നും താര കല്യാണ്‍ പറയുന്നു.

സുഹൃത്തുക്കളും അടുത്തുള്ള ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് പക്ഷേ ഗംഭീരമായാണ് നടന്നത്.ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹസത്കാരത്തിന് നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ആട്ടവും പാട്ടുവമായി ഗംഭീരമായാണ് വിവാഹസത്കാരം നടന്നത്. ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം.