വന്യജീവി ആക്രമണത്തിന് അറുതിയില്ല, കാറിനു മുകളിലേക്ക് കാട്ടുപോത്ത് വീണു, ബോണറ്റ് തകര്‍ന്നു

കോഴിക്കോട് : സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിന് അറുതിയില്ല. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് വാഹനത്തിന്റെ ബോണറ്റ് തകർന്നു. കോഴിക്കോട് പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിൽ ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം.

സംഭവത്തിൽ വാഹനത്തിന് കേടുപാടു സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കാട്ടുപോത്ത് വീണതോടെ കാറിന്റെ ബോണറ്റും ലൈറ്റും തകർന്നു.പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമായതിനാൽ വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിത്. അതേസമയം പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസം മുൻപാണ് ഗൃഹനാഥൻ മരിച്ചത്. പത്തനംതിട്ട പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയില്‍ കുടിലിൽ ബിജു(52) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.

വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.