
തിരുവനന്തപുരം/ എ.കെ.ജി സെന്ററിന് നേരെ ബോംബേറ് നടന്ന് അഞ്ചുദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പ് തുടരുക യാണ്. തലസ്ഥാനത്തെ മുഴുവൻ പൊലീസ് സംവിധാനങ്ങളും ഉപയോഗിച്ച് രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പ്രതിയെ തിരിച്ചറിയാനോ അയാൾ വന്ന സ്കൂട്ടറിന്റെ നമ്പർ കണ്ടെത്താനോ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. ‘പ്രതി വന്നത് ചുവന്ന സ്കൂട്ടറിൽ’ എന്ന വാക്കുകളാണ് അന്വേഷണഫലമായി പോലീസിന്റെ കൈയ്യിൽ ഇപ്പോഴും ശേഷിക്കുന്നത്.
ആരെയെങ്കിലും പ്രതിയാക്കിയാൽ ഉണ്ടാകാനിടയുള്ള വിമർശനം മുൻകൂട്ടി കണ്ട് കരുതലോടെയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. എ.കെ.ജി സെൻറർ ആക്രമിക്കുമെന്ന് പോസ്റ്റിട്ട ആളെ അറസ്റ്റ് ചെയ്തതും വിവാദമാവുകയായിരുന്നു. അക്രമിയെയും വാഹനവും തിരിച്ചറിയാൻ മോട്ടോർവാഹന വകുപ്പിന്റെയും, ഇരുചക്രവാഹന ഡീലർമാരുടെയും സഹായം പൊലീസ് തേടിയിട്ടുണ്ട്. ആ പട്ടികയിൽ നിന്ന് ഇത്തരം വാഹനം ഉപയോഗിക്കുന്നവരെ കണ്ടെത്തി പ്രതിയെ പിടിക്കാൻ സാധിക്കുമോയെന്നാണ് ഇപ്പോൾ നടക്കുന്ന ശ്രമം.
സംഭവസമയത്ത് എ.കെ.ജി സെന്ററിന് സമീപത്തെ ടവർ ലൊക്കേഷനിൽ കാണപ്പെട്ട മൊബൈൽ ഫോൺ ഉടമകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും ഫലം കണ്ടിന്നെന്ന സൂചനകളാണ് പുറത്ത് വരുന്നത്. നിരവധി സി സി ടി വി ക്യാമറകൾ ഇരിക്കുന്ന സ്ഥലത്ത് വന്നു ബോബെറിയാൻ എത്തുന്ന ബുദ്ധിയുള്ള അക്രമി സെൽ ഫോണും കൊണ്ടായിരിക്കുമോ വരുക? എന്നതും ചോദ്യമുയർത്തുന്നുണ്ട്. മൊബൈൽ ടവർ ദാതാക്കളിൽനിന്ന് ആ ഭാഗത്ത് എത്തിയ ഫോൺ നമ്പറുകളെപ്പറ്റി വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പ്രതിക്ക് സഹായം ലഭ്യമാക്കിയെന്ന് സംശയിക്കുന്ന ആൾക്ക് വേണ്ടിയും അന്വേഷണം നടക്കുകയാണ്.
പ്രതിക്ക് സ്ഫോടകവസ്തു കൈമാറിയ ആളെകൂടി പോലീസ് തേടുകയാണ്. ഇരുവരും പോയ വഴികളിലൂടെയും ഇടറോഡുകളിലെയും മുഴുവൻ സി.സി.ടി.വി കാമറകളും പരിശോധിച്ചു നോക്കി ക്കഴിഞ്ഞു. എ.കെ.ജി സെന്ററിന്റെ പ്രധാന കവാടത്തിലെയും സ്ഫോടകവസ്തുവെറിഞ്ഞ ഗേറ്റിന് സമീപത്തെയും കാമറകളിൽ സ്കൂട്ടർ നമ്പർ തെളിഞ്ഞിട്ടില്ല.
ആ പ്രദേശത്തെ വഴിവിളക്കുകൾ കത്താതിരുന്നതാണ് ദൃശ്യങ്ങൾ ലഭിക്കാൻ തടസ്സമായിരിക്കുന്നത് എന്നാണു പോലീസ് ഭാഷ്യം. ഇതെല്ലാം സംഭവത്തിലെ ദുരൂഹതയും വർധിപ്പിക്കുക തന്നെയാണ്. പ്രധാന കവാടത്തിന് സമീപം പൊലീസ് സുരക്ഷയുണ്ടെന്ന് അറിയുന്ന ആൾ തന്നെയാണ് പ്രതിയെന്ന പോലീസ് വിലയിരുത്തൽ ശരിയാണെങ്കിലും. ബീറ്റ് പോലീസ് വാഹനം ഇപ്പോഴും ഉണ്ടാകാറുള്ള ആസ്ഥലത്ത് അത് എന്തെ അന്ന് ഉണ്ടായില്ല എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുന്നതിന് മുഖ്യ കാരണമായതും അത് തന്നെയാണ്.