ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ ബസിനു മുൻപിൽ ഓട്ടോയിൽ വടിവാൾ വീശി ഡ്രൈവർ പോയതായി പരാതി.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം. പുളിക്കലിൽ ബസ് നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെ 2 സ്ത്രീകൾ ഇറങ്ങാനുണ്ടായിരുന്നു. അവർ സാവധാനം സമയമെടുത്താണ് ഇറങ്ങിയത്. ഇതിനിടെ, പിറകിൽനിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു ബസ് മുന്നോട്ടെടുക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. സ്ത്രീകൾ ഇറങ്ങിയ ശേഷം ബസ്സെടുത്തപ്പോൾ, മുൻപോട്ടു വന്ന ഓട്ടോറിക്ഷ ബസിനു തടസ്സമുണ്ടാക്കുന്ന രീതിയിലാണ് ആദ്യം ഓടിച്ചത്

പിന്നീട് ഓട്ടോയിൽനിന്നു വടിവാൾ പുറത്തേക്കിട്ടു വീശിക്കാണിച്ചു. തലേക്കര മുതൽ കൊളത്തൂർ എയർപോർട്ട് റോഡ് ജംക്‌ഷൻ വരെ ഇതു തുടർന്നു. പിന്നീട് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിൽ എയ്ഡ് പോസ്റ്റിലെത്തി പൊലീസിൽ പരാതിപ്പെട്ടാണ് യാത്ര തുടർന്നത്.