യൂറോപ്പിലേക്ക് യാത്രതിരിച്ച് മുഖ്യമന്ത്രിയും സംഘവും

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പ് സന്ദർശനത്തിനായി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. പുലർച്ചെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. ഒക്ടോബർ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

മന്ത്രിമാരായ പി. രാജീവും, വി. അബ്ദുറഹ്മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഫിൻലാഡ്, നോർവെ യു.കെ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുന്നത്.

ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന് വീഡിയോ ചിത്രീകരിക്കാനായി ലക്ഷങ്ങള്‍ ചെലവാക്കുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിൽ 15 തവണ മുഖ്യമന്ത്രി വിദേശസന്ദർശനം നടത്തിയപ്പോഴും, 85 തവണ മന്ത്രിമാർ വിദേശ യാത്ര നടത്തിയപ്പോഴും വീഡിയോ, ഫോട്ടോ ഷൂട്ട് സംവിധാനം ഇല്ലായിരുന്നു.