സിപിഎം നേതാവിനെ അപമാനിച്ചെന്ന് പരാതി, എസ്ഐ അടക്കമുള്ള പോലീസുകാരുടെ തൊപ്പി തെറിപ്പിച്ചു

കൊല്ലം : സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എസ്ഐ അടക്കം രണ്ട് പോലീസുകാർക്കെതിരെ പ്രതികാര നടപടി. കൊല്ലം അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി.അനിൽകുമാർ, സിപിഒ എസ്. ഷമീർ എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്.

പുനലൂർ ഡിവൈഎസ്പി കെ. സ്റ്റുവർട്ട് കീലറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി അംഗം സി.രവീന്ദ്രനാഥിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് പ്രതികാര നടപടി ഉണ്ടായത്.

പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ സിപിഒ ഷമീറിനോട് അനുവാദം ചോദിക്കാതെ സ്റ്റേഷനിൽ കയറി പ്രതികളുമായി സംസാരിച്ച് വക്കാലത്ത് ഒപ്പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ തടഞ്ഞു. ഇത് രവീന്ദ്രനാഥിനെ പ്രകോപിപ്പിച്ചു. തുടർന്ന് പൊലീസ്‌ ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റുവുമുണ്ടായി. പിന്നാലെ ഇയാൾ മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത്.