പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍ പറക്കോട് സ്വദേശി ദീപു (44) കൈയ്യിലെടുത്ത് ഷോ കാണിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് പറക്കോട്ടെ ഒരു ബാറിന് സമീപത്തുവെച്ചാണ് ഇയാള്‍ പാമ്പിനെ പിടികൂടിയത്.

ഓവുചാലിലൂടെ ഒഴുകിയെത്തിയ പാമ്പിനെയാണ് ദീപു പിടികൂടിയത്. പിന്നാലെ പാമ്പിനെ ശരീരത്തില്‍ ചുറ്റി റോഡരികിലിരുന്ന് പ്രദര്‍ശനം നടത്തി. ആളുകള്‍ പാമ്പിനെ വിടാന്‍ പറഞ്ഞിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. അരമണിക്കൂറിന് ശേഷം പോലീസെത്തിയാണ് പാമ്പിനെ ചാക്കിലേക്ക് മാറ്റിയത്. ദീപുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നാലെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മദ്യലഹരിയിലാണ് യുവാവ് പാമ്പിനെയും കൈയിലെടുത്ത് പ്രദര്‍ശനം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.