Home kerala താത്ക്കാലിക വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്

താത്ക്കാലിക വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്

ഇടുക്കി : വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ താത്ക്കാലിക വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്. നിലവിലുള്ള വാച്ചർമാരുടെ സേവനം മാർച്ച് 31 വരെ മാത്രമാണ് ഉണ്ടാകുക. ആർ.ആർ.ടി സംഘം ഒഴികെയുള്ള മുഴുവൻ താത്ക്കാലിക വാച്ചർമാരെയും പിരിച്ചുവിടാനാണ് ഉത്തരവ്.

മൂന്നാർ ഡിഎഫ്ഒയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വന്യജീവി ശല്യം പ്രതിരോധിക്കാൻ വാച്ചർമാരുടെ എണ്ണക്കുറവ് നിലനിൽക്കുന്നതിനിടെയാണ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാർ ഡിവിഷനുകളിലെ വാച്ചർമാരെയാണ് പിരിച്ചു വിടുന്നത്. അതേസമയം, വയനാട് പടമലയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനത്തിൽ. ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള നിഗ്നൽ അനുസരിച്ചായിരിക്കും ദൗത്യ സംഘത്തിന്റെ നീക്കം. കൃത്യസ്ഥലം മനസിലായാൽ വെറ്റിനറി സംഘം മയക്കുവെടിവയ്‌ക്കാനായി നീങ്ങും.

പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കാട്ടാന ഉൾവനത്തിലേക്ക് കടന്നതിനാലാണ് മയക്കു വെടിവച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയിക്കാതെപോയത്. വൈകിട്ട് അഞ്ചിന് ദൗത്യം അവസാനിപ്പിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.