മമതയ്ക്ക് വീണ്ടും തിരിച്ചടി, ഗവർണർ നൽകിയ മാനനഷ്ടക്കേസ് ഹൈക്കോടതി സ്വീകരിച്ചു

കൊൽക്കത്ത : മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് നൽകിയ മാനനഷ്ടക്കേസ് കൽക്കട്ട ഹൈക്കോടതി സ്വീകരിച്ചു.

തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ വെളിച്ചത്തിൽ മുഖ്യമന്ത്രി മമത ബാനർജി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെതിരെയാണ് ഗവർണർ ഹൈക്കോടതിയെ സമീപിച്ചത്.

കോടതി കേസ് കേൾക്കുംവരെ അപകീർത്തികരമായ ഒരു പരാമർശവും നടത്തരുതെന്ന് വിലക്കിക്കൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ സിംഗിൾ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചത്.

രാജ്ഭവൻ സന്ദർശിക്കുന്നത് സുരക്ഷിതമല്ലെന്ന് സ്ത്രീകൾ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഗവർണർക്കെതിരെ നടത്തിയ പരാമർശത്തിനു പിന്നാലെയാണ് ഗവർണർ കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഇതിന് മറുപടിയായി മുഖ്യമന്ത്രി പോലുള്ള ഉന്നത പദവികൾ വഹിക്കുന്നവർ വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഗവർണർ തിരിച്ചടിച്ചിരുന്നു.