കവളപ്പാറയിലെ സർക്കാർ അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി.

 

കൊച്ചി/ ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഉണ്ടായ കവളപ്പാറയിൽ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സർക്കാരിനെ വിമർശിച്ചത്.

ദുരന്തം സംഭവിച്ച കവളപ്പാറയിലെ ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാന്‍ കഴിയില്ല. കോടതി പറഞ്ഞു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തുടർന്ന് കോടതി കേസിൽ കക്ഷി ചേര്‍ത്തു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്ന ഹര്‍ജിയുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തു ചെയ്തു?. ദുരിതത്തിനീരയായവരുടെ പുനരധിവാസത്തിന് എന്തൊക്കെ നടപടികള്‍ എടുത്തു.? ഭൂമി പഴയ നിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തു സാധിക്കും?. തുടങ്ങിയ ചോദ്യങ്ങളാണ് കോടതി സർക്കാരിനോട് ചോദിച്ചത്.

ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതായി സര്‍ക്കാര്‍ നിയമസഭയിലടക്കം പറഞ്ഞിരുന്നതും ഭരണപക്ഷവും പ്രതിപക്ഷവും ഇത് കേട്ട് മിണ്ടാതെ ഇരുന്നതുമാണ്.