ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ ചിത്രം പുറത്ത് വിട്ടു, 2024 ൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കും – യോഗി ആദിത്യനാഥ്

ന്യൂഡൽഹി. അയോധ്യയില്‍ നിർമ്മാണം പുരോഗമിച്ചു വരുന്ന ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന്‍റെ ജനറല്‍ സെക്രട്ടറി ചമ്പത് റായി. മാര്‍ച്ച് 17ന് ആണ് ക്ഷേത്ര ശ്രീകോവിലിന്‍റെ ചിത്രം പങ്കുവെച്ചത്.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ച രണ്ട് സാലഗ്രാം കല്ലുകള്‍ ഉപയോഗിച്ചാണ് രാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ തയ്യാറാക്കുക. യഥാക്രമം 18 ടണ്ണും 16 ടണ്ണും ഭാരമുള്ള സാലഗ്രാമങ്ങളാണ് നേപ്പാള്‍ ഇതിനായി ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്. മഹാവിഷ്ണുവിന്‍റെ പ്രതീകമായാണ് കാളിഘണ്ഡ്കി പുഴയില്‍ കാണുന്ന കല്ലുകളെ കണക്കാക്കുന്നതെന്ന് മുന്‍ നേപ്പാള്‍ ഉപപ്രധാനമന്ത്രി നിധി പറയുന്നു.

രാമജന്മഭൂമി ക്ഷേത്ര നിർമ്മാണം വിചാരിച്ച വേഗതയില്‍ മുന്നേറുകയാണെന്നും 2024ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2024 ജനവരി ഒന്നിന് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷാ വെളിപ്പെടുത്തിയിരുന്നു. ഏകദേശം 70 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയായതായി ട്രഷറര്‍ സ്വാമി ഗോവിന്ദ് ഗിരിജി മഹാരാജ് പറഞ്ഞിട്ടുണ്ട്.