ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെൺകുട്ടിയെ രാവിലെ നാട്ടുകാർ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ കസ്റ്റഡിയിലാണെന്നും പ്രദേശത്തെ ലഹരി മാഫിയാ സംഘത്തിലുള്ളവരാണ് ഇവരെന്നുമാണ് റിപ്പോർട്ട്. രാവിലെയായിരുന്നു സംഭവം.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയായിരുന്നു പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പെൺകുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വർണ കമ്മൽ കവർന്നശേഷം ഉപേക്ഷിച്ച് കടന്നത്. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി.

ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കവർച്ചയ്ക്കുശേഷം വീടിന് കുറച്ചകലെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോൾ. കുട്ടിയെ കാണാതായതറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു.