ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യക്കാരി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നേക്കുമായി മരവിപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യക്കാരിയായ അഭിഭാഷക. ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ അഭിഭാഷക വിജയ ഗദ്ദെയാണ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിച്ചത്. ട്വിറ്ററിലെ നയസുരക്ഷാ വിഭാഗം മേധാവിയാണ് വിജയ ഗദ്ദെ. വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ അക്കൗണ്ട് പൂട്ടുകയാണെന്നുള്ള തീരുമാനം വിജയ ഗദ്ദെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പെ യുഎസിലെത്തിയ വിജയ ടെക്‌സാസിലാണ് വളര്‍ന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലോ സ്‌കൂള്‍, കോര്‍ണല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. പ്രസിഡന്റ് ട്രംപുമായി കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ കമ്പനി സംഘം നടത്തിയ മീറ്റീംഗില്‍ വിജയ ഗദ്ദയും അംഗമായിരുന്നു. ഏറ്റവും ശക്തയായ വനിതാ സോഷ്യല്‍മീഡിയ എക്‌സിക്യുട്ടീവ് എന്നാണ് അമേരിക്കന്‍ പൊളിറ്റിക്കല്‍ ജേണലിസം കമ്പനിയായ പൊളിറ്റികോ വിജയ ഗദ്ദയെ വിശേഷിപ്പിക്കുന്നത്.

യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി പ്രക്ഷോഭം നടത്താന്‍ അണികളെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് സമൂഹ മാധ്യമമായ ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് പൂട്ടിച്ചത്. ആദ്യം ഇരുപത്തിനാല് മണിക്കൂര്‍ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. എന്നാല്‍ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്. ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് ട്രംപ് പ്രതികരിച്ചു. ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നു. ഏഴരക്കോടി ദേശസ്‌നേഹികള്‍ തനിക്ക് വോട്ട് ചെയ്തതായും ട്രംപ് വ്യക്തമാക്കി. പുതിയ ഭരണനേതൃത്വം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ട്വീറ്റാണ് ട്രംപ് ഏറ്റവും ഒടുവില്‍ ചെയ്തത്.