എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച കേസില്‍ പോലീസിന് വീഴ്ച

കോഴിക്കോട്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്ക് അടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയുെ ചെയ്ത സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച എന്ന് ആരോപണം. പരാതി ഒതുക്കിത്തീര്‍ക്കാന്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇടപെട്ടെന്നും വിദ്യാര്‍ഥിനിയുടെ കുടുംബം ആരോപിക്കുന്നു.

ഡിസംബര്‍ രണ്ടിനു പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ലഹരിസംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു പെണ്‍കുട്ടി വിശദമായ മൊഴി നല്‍കിയിരുന്നു. ലഹരിക്കൈമാറ്റത്തിനു വിസമ്മതിച്ച പെണ്‍കുട്ടിയെ ഈ സംഘത്തിലെ യുവാവു ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെപ്പറ്റിയും പോലീസിനെ അറിയിച്ചതാണ്. എന്നാല്‍ ലഹരിമരുന്ന് എന്ന വാക്കു പോലും പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നില്ല.

യുവാവു കയ്യില്‍ കയറിപ്പിടിച്ചതിനു മാത്രമാണു കേസെടുത്തത്. യുവാവിനെ പിന്നീടു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ മാതാവു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. നവംബര്‍ 24നാണു പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ പൂര്‍ണമായും നനഞ്ഞ നിലയില്‍ അധ്യാപകര്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ വീട്ടുകാരോടു പെണ്‍കുട്ടി ലഹരിസംഘവുമായുള്ള ബന്ധം തുറന്നു പറയുകയായിരുന്നു. തന്നെ ഒരു സംഘം ലഹരിക്ക് അടിമയാക്കിയതായും ലഹരിക്കടത്തിന് ഉപയോഗിച്ചതായും പെണ്‍കുട്ടി വെളിപ്പെടുയിരുന്നു.