യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവത്തിൽ പോലീസ് ഒടുവിൽ കേസെടുത്തു.

കൊല്ലം. വീട്ടിൽ നിന്നും ഭതൃമാതാവും ഭതൃസഹോദരിയും ചേർന്ന് യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവത്തിൽ പോലീസ് ഒടുവിൽ കേസെടുത്തു. യുവതിയെയും കുഞ്ഞിനെയും തഴുത്തലയിൽ വീട്ടിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ ഭർത്താവ് പ്രതീഷ് ലാൽ, ഭർതൃമാതാവ് അജിതകുമാരി, ഭർതൃസഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്ത്രീധന പീഡനത്തിനും ബാലനീതി വകുപ്പുകൾ പ്രകാരവുമാണ് കേസ്. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് ഭർതൃവീട്ടുകാർ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നത്. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പോലീസിന്റെ ഇടപെടൽ ഉണ്ടാവുന്നത്. എന്നിട്ടും അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ കയറ്റാൻ ഭർതൃമാതാവ് ആദ്യം അനുവദിച്ചിരുന്നില്ല. ജനപ്രതിനിധികളും പൊലീസും ഏറെ ശ്രമിച്ചതോടെയാണ് വീടിന്റെ വാതിൽ പോലും തുറക്കുന്നത്.

വീട്ടിൽ നിന്നും പുറത്തായ അതുല്യയും മകനും 21 മണിക്കൂറിലേറെ വീടിന്റെ സിറ്റൗട്ടിലാണ് കഴിച്ചുകൂട്ടിയത്. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ പറഞ്ഞിട്ടുണ്ട്. ഗുജറാത്തിലുള്ള ഭർത്താവ് പ്രതീഷ് കുമാർ പ്രശ്നത്തിൽ ഇടപെടാതെ ഒഴിഞ്ഞു മാറുകയായിരുന്നു. സമാന അനുഭവം തനിക്കും ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകൾ വിമിയും രംഗത്ത് എത്തിയിരുന്നു.

സംഭവം വിവാദമായതോടെ ബാലവകാശ കമ്മിഷനും വനിതാ കമ്മിഷനും സംഭവത്തിൽ ഇടപെട്ടു. ഭർതൃമാതാവ് അജിതകുമാരിയുമായി രണ്ടര മണിക്കൂർ ഉദ്യോഗസ്ഥർ എത്തി ചർച്ച നടത്തി. ഏറ്റവും ഒടുവിൽ തൊട്ടടുത്ത വീട്ടിലേക്ക് ഭതൃ മാതാവ് അജിത മാറുകയും അതുല്യയെ വീട്ടിലേക്ക് കയറ്റുകയുമായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പു വരുത്താൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജും നിർദേശം നൽകിയിരുന്നു.