‘ലൊക്കേഷനിൽ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു, സാമ്പാറിന്റെ അംശമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം പെൺകുട്ടിയുടെ മുഖത്ത് വലിച്ചെറിഞ്ഞു’,ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങൾ 

സിനിമയുടെ ഷൂട്ടിംഗിനിടെ നടൻ ജോയ് മാത്യുവിൽ നിന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തി ‘ബൈനറി’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്ത്. ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ‘ബൈനറി’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉന്നയിച്ചിരിക്കുന്നത്. സിനിമയുടെ സംവിധായകൻ ജാസിക് അലി, സഹനിർമാതാവ് രാജേഷ് ബാബു എന്നിവരാണ് ആരോപണങ്ങളുമായി
ജോയ് മാത്യുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

‘ജോയ് മാത്യു പ്രൊമോഷനിൽ സഹകരിച്ചില്ല. ജോയ് മാത്യു പ്രൊമോഷനിൽ സഹകരിക്കാത്തതിനെക്കുറിച്ച് ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചർച്ച ചെയ്യുന്ന ജോയ് മാത്യു എന്റെ വാക്കുകളോട് പ്രതികരിക്കുക പോലും ഉണ്ടായില്ല.
മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു അരദിവസം മാത്രമാണ് എത്തിയത്. കോസ്റ്റ്യൂമിൽ സാമ്പാറിന്റെ അംശമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനറായ പെൺകുട്ടിയുടെ മുഖത്തേക്ക് അത് വലിച്ചെറിഞ്ഞു. കാമറ നോക്കി ഈ കാമറയിൽ സിനിമയെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു.’ – സംവിധായകൻ ജാസിക് അലി പറഞ്ഞു.

‘രണ്ടാമത്തെ ഷെഡ്യൂൾ മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. ആദ്യത്തെ നിർമാതാവാണ് ജോയ് മാത്യുവിനെ ചെന്നുകാണുന്നത്. തിരക്കഥ വായിച്ചപ്പോൾ കൊള്ളാമെന്ന് പറഞ്ഞു. എന്നാൽ ലൊക്കേഷനിലെത്തിയപ്പോൾ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ഡയലോഗ് മാറ്റിയെഴുതണം, എനിക്ക് ചെയ്യാൻ പറ്റില്ലെന്നൊക്കെ പറയുകയുണ്ടായി. ഒൻപത് മാസത്തോളം കഷ്ടപ്പെട്ടെഴുതിയ സ്‌ക്രിപ്റ്റ് മാറ്റിയെഴുതുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൈലാഷും അനീഷ് രവിയും ചേർന്ന് തിരക്കഥ പിന്നീട് തിരുത്തിയെഴുതുകയുണ്ടായി’ ജാസിക് അലി പറഞ്ഞു.

‘ഷിജോയ് വർഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങളും പ്രൊമോഷന് സഹകരിച്ചില്ല. മുഴുവൻ പ്രതിഫലവും വാങ്ങിയ ശേഷമാണ് അവർ അഭിനയിക്കാൻ വരുന്നത്. ഒരു രൂപ കുറഞ്ഞാൽ പോലും വരില്ല. സിനിമയ്ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പൈസ പറയുക. ഇനിയെങ്കിലും ഇവരിൽ നിന്നൊക്കെ കരാർ ഒപ്പിട്ട് വാങ്ങണമെന്നുമാത്രമാണ് ഇതിലേക്ക് പുതുതായി ഇറങ്ങാൻ പോകുന്നവരോട് പറയാനുള്ളത്’.- ജാസിക്ക് അലി മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി.