ചുംബന മത്സരം നടത്തിയ വിദ്യാർത്ഥികൾ സ്വയം കോളേജ് വിട്ടു

വിവാദമായ ലിപ് ലോക്ക് ചലഞ്ചിൽ പങ്കെടുത്ത വിദ്യാർത്ഥികളെ മംഗളുരുവിലെ സ്വകാര്യ പ്രീ യൂണിവേഴ്സിറ്റി കോളേജ് പുറത്താക്കി. സ്വകാര്യ അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ ചുംബന മത്സരം നടത്തിയത്. വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ഉണ്ടായി. സംഭവത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് ഉൾപ്പെട്ടിരുന്നത്.

സംഭവത്തിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കോളേജിൽ നിന്നും ഏഴ് പേരെയും ഇതോടെ പുറത്താക്കുകയായിരുന്നു. അഞ്ച് പേർ ടിസി കൈപ്പറ്റിയതായും രണ്ടു പേർ ഇതുവരെ ടിസി വാങ്ങിയിട്ടില്ലെന്നും കോളേജ് അധികൃതർ പറഞ്ഞു. ലിപ് ലോക്ക് ചലഞ്ചിൽ പങ്കെടുത്ത ഏഴ് പേരും സയൻസ് വിഭാഗത്തിൽ പേടിച്ചു കേറുന്നവരായിരുന്നു.

കഴിഞ്ഞ സപ്ലിമെന്ററി പരീക്ഷ എഴുതാത്തതിനാൽ ചിലർക്ക് പഠനം തുടരാൻ കഴിയില്ല. പഠിക്കാൻ അർഹതയുള്ള മൂന്നു പേർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആണ് മാനേജ്‌മന്റ് നൽകിയിട്ടുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും കൗൺസിലിങ് നൽകിയിട്ടുണ്ട്. ആ‍ർക്കും നിർബന്ധിച്ച് ടിസി നൽകിയിട്ടില്ലെന്നും എല്ലാവരും സ്വമേധയാ പിരിഞ്ഞു പോകാൻ തയ്യാറാവുകയായിരുന്നുവെന്നും കോളേജ് അധികൃത‍ർ പറഞ്ഞിട്ടുണ്ട്.

അതേസമയം, സയൻസ് വിഭാഗത്തിലേക്കുള്ള പ്രവേശന സമയപരിധി അവസാനിച്ചതിനാൽ മറ്റ് കോളേജുകളിൽ പ്രവേശനം നേടി പഠനം തുടരാൻ വിദ്യാ‍ർത്ഥികൾക്ക് ആവില്ല. പ്രവേശനത്തിനുള്ള അവസാന തീയതി ജൂലൈ 24 ആയിരുന്നു. എങ്കിലും പ്രീ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതിയോടെ ഇത് പ്രത്യേക കേസായി പരിഗണിച്ച് ചട്ടങ്ങളിൽ മാറ്റം വരുത്താനാകുമെന്നാണ് ഒരു ന്യൂസ് ചാനൽ റിപ്പോ‍ർട്ട് ചെയ്തത്. ഇങ്ങനെ ചെയ്താൽ ഏത് കോളേജിലും വിദ്യാ‍ർത്ഥികൾക്ക് പ്രവേശനം നേടാം.