റെക്കോർഡ് ഏക്ക തുക സ്വന്തമാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ഒരു ദിവസത്തെ ഉത്സവത്തിന് 6.75 ലക്ഷം

ഇതുവരെ പൂരങ്ങളിൽ പങ്കെടുത്തതിന് ഒരു ആനയ്ക്ക് ലഭിച്ചതിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന തുകയുടെ സ്വന്തക്കാരനായി മാറുകയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് പേരുകേട്ട കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ലഭിക്കുന്നത് റെക്കോർഡ് ഏക്ക തുക. ചാവക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ലഭിക്കുന്ന ഏക്ക തുക 6.75 ലക്ഷം രൂപ.

കേരളത്തിലെ ആനകൾക്ക് ഉള്ള ഏറ്റവും ഉയർന്ന എക്ക തുക രണ്ടര ലക്ഷം രൂപ എന്ന സ്ഥാനത്താണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 6.75 ലക്ഷം രൂപ ഏക്ക തുകയായി ലഭിക്കുന്നത്. പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ഈ റെക്കോർഡ് തുക നൽകുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന കൊമ്പനോടുള്ള പ്രിയവും സ്നേഹവും കൊണ്ടാണ് ഇത്രയും വലിയ തുക ഏക്കം ആയി നൽകുന്നതെന്ന് ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന്റെ പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറഞ്ഞിരിക്കുന്നു.

ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിലെ പൂരം എഴുന്നളിപ്പ് ഫെബ്രുവരി 27 നാണ് നടത്തുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് പൂരത്തിന്റെ എഴുന്നളിപ്പ്. ആ ദിവസം തിടമ്പ് എഴുന്നളിക്കുന്ന തിടമ്പാനയുടെ വലത് ഭാഗത്തായി ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളുക. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നളിപ്പ് പൂർത്തിയാക്കി രാത്രി എട്ടര മണിയോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിരികെ മടങ്ങും എന്നാണ് ഉത്സവ കമ്മറ്റി അംഗങ്ങൾ അറിയിച്ചിട്ടുള്ളത്.

നിലവിൽ കേരളത്തിലെ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഉയരത്തിന്റെ കാര്യത്തിൽ ഏഷ്യയിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഒന്നാം സ്ഥാനക്കാരൻ തന്നെ. ബീഹാർ സ്വദേശിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റ ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം 326 സെന്റീമീറ്ററാണ്. ഉടൽനീളം ആവട്ടെ 340 സെന്റീമീറ്ററും.

2014 മുതൽ തൃശൂർ പൂരത്തിന് ആറു വർഷത്തോളം സ്ഥിര സാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ഈ കൊമ്പൻ. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുംനാഥന്റെ തെക്കേ ഗോപുരവാതിൽ വഴി തെക്കോട്ടിറങ്ങി വർഷങ്ങളായി തൃശൂർ പൂരത്തിന് തുടക്കം കുറിച്ചിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു. എന്നാൽ 2019 ൽ ഈ കൊമ്പനെ എഴുന്നള്ളിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുകയുണ്ടായി.

തൃശൂരിൽ വെച്ച് 2019 ഫെബ്രുവരി 8 ന് ആന വിരണ്ടു ഓടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തതിന് തുടർന്നായിരുന്നു ഈ വിലക്ക്. ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി ആയിരുന്നു ആനയെ എത്തിച്ചത്. എന്നാൽ ചടങ്ങിനിടെ ഇടഞ്ഞ ആന രണ്ട് പേരെ ചവിട്ടി കൊല്ലുകയായിരുന്നു. കാഴ്ചശക്തിയില്ലാത്ത അമ്പതുവയസ്സിന് മുകളിൽ പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്റെ സമീപത്ത് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടതിനെ തുടർന്നായിരുന്നു ഇടയുന്നത്. തുടർന്ന് 2019ൽ വിലക്കിനിടയിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്.