സഹായാഭ്യര്‍ഥനയുമായി വീടുകളിൽ എത്തി കവർച്ച; പത്തുപവന്‍ നഷ്ടമായി, പ്രതികൾ പിടിയിൽ

വരന്തരപ്പിള്ളി: സഹായാഭ്യര്‍ഥനയുമായി വീടുകളിൽ എത്തി കവർച്ച നടത്തുന്ന പ്രതികൾ പിടിയിൽ. മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തമിഴ്നാട് തിരുച്ചിറപ്പിള്ളി അരക്കൂര്‍ സ്വദേശി നന്ദ (19), കോയമ്പത്തൂര്‍ തെന്‍സങ്കപാളയം സ്വദേശി അനുസിയ (18) എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസിന്റെ പിടിലായത്.

കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ ആക്രിക്കച്ചവടവും നടത്തിവന്നിരുന്നു. പകല്‍സമയം പലയിടങ്ങളിലും വീടുകളിലെത്തി സഹായാഭ്യര്‍ഥന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. മുപ്ലിയത്തെ വീട്ടിലെത്തിയ പ്രതികള്‍ മുന്‍വശത്തെ കാര്‍പ്പെറ്റിന് താഴെ വെച്ചിരുന്ന താക്കോലെടുത്ത് വാതില്‍ തുറന്നാണ് അകത്തു കടന്നത്. വീടിനകത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി കടക്കുകയായിരുന്നു.

നേരത്തേ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന പ്രതികളുടെ ചിത്രം കാണിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതിയില്ലാതിരുന്നതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ താമസിച്ചിരുന്ന കൊടകരയിലെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.