പാലക്കാട് സഹകരണ ബാങ്കില്‍ കവര്‍ച്ച; പണയം വെച്ച ഏഴര കിലോ സ്വര്‍ണവും പണവും നഷ്ടമായി

പാലക്കാട് സഹകരണ ബാങ്കില്‍ കവര്‍ച്ച. ചന്ദ്രനഗറില്‍ സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴ് കിലോയില്‍ കൂടുതല്‍ സ്വര്‍ണവും പണവും കവര്‍ന്നതായാണ് വിവരം. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. പണയം വെച്ച് ഏഴര കിലോ സ്വര്‍ണവും 18,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സ്‌ട്രോങ് റൂം തകര്‍ത്തത്. സി.സി.ടി.വിയുടെ വയര്‍ കട്ട് ചെയ്തിരുന്നു.

സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായി സൂചന. വെള്ളിയാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. അതിനു ശേഷം ഇന്ന് രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വിരലടയാള വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ബാങ്കിലെ മറ്റ് രേഖകളൊന്നും കവര്‍ച്ച ചെയ്തിട്ടില്ലെന്ന് ബാങ്ക് അധിക്യതര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിലേത്.