കെ എസ് ആർ ടി സിയിൽ കൊവിഡ് പ്രതിസന്ധിയില്ല: ആന്റണി രാജു

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനാൽ സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെ എസ് ആർ ടി സിയിൽ കൊവിഡ് പ്രതിസന്ധിയില്ലെന്നും ഒരു സർവീസും മുടക്കില്ലെന്നും ആന്റണി രാജു പറഞ്ഞു. നല്ലൊരു ശതമാനം ജീവനക്കാരും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർ ആണ്. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും. തിരക്കൊഴിവാക്കാൻ സർവീസുകൾ വർധിപ്പിക്കും. ബസുകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

3437 കെ.എസ്.ആർ.ടി.സി ബസുകൾ ഇന്നലെ സർവീസ് നടത്തി. 650ൽ താഴെ ജീവനക്കാർക്ക് മാത്രമാണ് കോവിഡ് ബാധയുള്ളത്. മറ്റു പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.തിരക്കൊഴിവാക്കാൻ സർവീസുകൾ വർധിപ്പിക്കും. ഡ്രൈവിങ് ടെസ്റ്റ് നിർത്തിവെക്കാൻ ഉത്തരവിറക്കിയ എറണാകുളം ആർ.ടി.ഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആർ.ടി.ഒ ഓഫീസുകൾ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനം കൊവിഡ് മൂന്നാം തരംഗത്തിലാണെന്നും കനത്ത ജാഗ്രത ആവശ്യമാണെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിച്ച 17% പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.