സിസി ടിവി ക്യാമറ മനസിലാക്കി ഹെല്‍മെറ്റ് വെച്ച് പുതപ്പ് മൂടി കള്ളന്‍, നടന്നത് മോഷണപരമ്പര

തിരുവനന്തപുരം:കോവിഡും ലോക്ക്ഡൗണും ഒക്കെ നിലവില്‍ വന്നത് മുതല്‍ മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കുറഞ്ഞിരുന്നു.എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരികയും മറ്റും ചെയ്തതോടെ വീണ്ടും ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.കഴിഞ്ഞ ദിവസം നെടുമങ്ങാട്,അഴീക്കോട് ഭാഗങ്ങളില്‍ മോഷണ പരമ്പരയാണ് ഉണ്ടായത്.സിസി ടിവി ക്യാമറ മനസിലാക്കിയ മോഷ്ടാവ് ഹെല്‍മെറ്റ് ധരിച്ച് ദേഹം പുതപ്പ് കൊണ്ട് മൂടിയാണ് എത്തിയത്.രണ്ട് കടകളും രണ്ട് സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും കുത്തി തുറന്ന് പണം തട്ടി.

പത്താംകല്ലിന് സമീപം പച്ചക്കറിക്കടയുടെ പിന്നിലെ പൂട്ട് പൊളിച്ച് ഉള്ളില്‍ കടന്ന മോഷ്ടാവ് കടയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നു.കടയുടെ സൂക്ഷിപ്പുകാരന്‍ മുന്നില്‍ കിടന്നുറങ്ങുമ്പോഴാണ് ഉള്ളില്‍ മോഷണം നടന്നത്.സ്ഥാപനത്തിന്റെ സിസ ടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.ഹെല്‍മെറ്റ് തലയില്‍ വെച്ച് പുതപ്പ് മൂടിയാണ് മോഷ്ടാവ് കടകള്‍ക്കുള്ളില്‍ പ്രവേശിച്ചത്.

പച്ചക്കറി കടയില്‍ നിന്നും ഇറങ്ങിയ മോഷ്ടാവ് അടുത്തുള്ള മാവേലി സ്റ്റോര്‍ കുത്തി തുറന്ന് മോഷണത്തിന് ശ്രമിച്ചു.എന്നാല്‍ മാവേലി സ്റ്റോറില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.പിന്നീട് അഴീക്കോട് ജംങ്ഷനില്‍ എത്തിയ മോഷ്ടാവ് രണ്ട് പണമിടപാട് സ്ഥാപനങ്ങളിലും മോഷണം നടത്തി.ഇതില്‍ ഒരു സ്ഥാപനത്തില്‍ നിന്നും 77,000 രൂപ മോഷ്ടിച്ചു.അഴീക്കോട് ജംങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെയും സമീപമുള്ള പള്ളിയുടെയും വലിയ ലൈറ്റുകളുടെ പ്രകാശം ഉണ്ടായിരുന്നപ്പോഴാണ് മോഷണം നടന്നത്.പൂട്ടുകള്‍ പൊട്ടിച്ച്,ഷട്ടറുകള്‍ അറുത്താണ് മോഷ്ടാവ് കടകള്‍ക്കുള്ളില്‍ പ്രവേശിച്ചത്.സ്ഥലത്തെക്കുറിച്ച് അറിയുന്ന ആളാണ് മോഷണത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു.