സിപിഎം ജീവിക്കാന്‍ സമ്മതിക്കുന്നില്ല; ഇസ്ലാം മതം സ്വീകരിക്കാന്‍ പോകുന്നുവെന്ന് ചിത്രലേഖ

സിപിഎമ്മിന്റെ ജാതീയ വിവേചനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സമ്മതിക്കാതിരിക്കുകയും നിരന്തരം ആക്രമിക്കുകയും ചെയ്യുന്നതിനെത്തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങി പയ്യന്നൂരിലെ ഓട്ടോ െ്രെഡവര്‍ ചിത്രലേഖ. പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വന്ന തനിക്ക് ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷയില്ലെന്നും ഇക്കാരണത്താല്‍ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്നും ചിത്രലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പയ്യന്നൂര്‍ എടാട്ട് ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട യൂണിയന്‍ തര്‍ക്കത്തിലൂടെയാണ് ചിത്രലേഖ ജനശ്രദ്ധ നേടുന്നത്. സി.പി.എമ്മുകാര്‍ ഓട്ടോ ഓടിക്കാന്‍ സമ്മതിക്കുന്നില്ലെന്നും പുലയ സ്ത്രീയായി ജനിച്ചതിന്റെ പേരില്‍ ജാതി വിവേചനം നേരിടുന്നുവെന്നും ചിത്രലേഖ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പിന്നീട് ചിത്രലേഖയുടെ ഓട്ടോ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പല അക്രമ സംഭവങ്ങളുമുണ്ടായി. ഒടുവില്‍ കണ്ണൂര്‍ കട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് മാറിയെങ്കിലും ഇവിടേയും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ചിത്രലേഖ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ മതം മാറാനുള്ള തീരുമാനമെടുത്തതെന്നും ചിത്രലേഖ പറയുന്നു.

ഇരുപതു വര്‍ഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന. ലവ് ജിഹാദ്, പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട. പുരോഗമന കപട മതേതര പാര്‍ട്ടിയായ സിപിഎമ്മിന് മുന്നില്‍ ഇനിയും സ്വര്യമായി, ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്നാണ് ആഗ്രഹമെന്നും ചിത്രലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം അക്രെമിക്കുകയും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഎം പാര്‍ട്ടിയുടെ ആക്രെമങ്ങള്‍ തുടരുന്നു ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വര്‍ഷക്കാലത്തോളം സിപിഎംന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രെഹിക്കുന്നത്. ലവ് ജിഹാദ്, പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സിപിഎംന് മുന്നില്‍ ഇനിയും സ്വര്യമായി ഇരുട്ടിന്റെ മറപിടിച്ചു ആക്രെമിക്കുന്ന സിപിഎംനേ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രെഹം.